തിരുവനന്തപുരം: സർവിസ് പുനക്രമീകരിച്ചതിൽ പ്രതിഷേധിച്ച് കെഎസ്‌ആർടിസി സർവിസ് മുടക്കിയ പാപ്പനംകോട്, വികാസ് ഭവൻ, സിറ്റി, പേരൂർക്കട ഡിപ്പോകളിലെ ജീവനക്കാർക്കെതിരെ നടപടിക്ക് ഉത്തരവ്. ജീവനക്കാരിൽ നിന്നും നഷ്‌ടം തിരിച്ചു പിടിക്കാൻ മാനേജ്‌മെന്‍റ് ഉത്തരവ് ഇറക്കി. നഷ്‌ടം ഉണ്ടാക്കിയ 111 ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും 9,49,510 രൂപ 5 തുല്യ ഗഡുക്കളായി തിരിച്ചു പിടിക്കാനാണ് ഉത്തരവ്.
കെഎസ്‌ആർടിസി സർവിസ് മുടക്കി പ്രതിഷേധം: ഡിപ്പോകളിലെ വരുമാന നഷ്‌ടം ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പിടിക്കും - loss revenue deducted from ksrtc employees salary
സർവിസ് പുനക്രമീകരിച്ചതിൽ പ്രതിഷേധിച്ചാണ് കെഎസ്‌ആർടിസി ജീവനക്കാർ സർവിസ് മുടക്കിയത്. ഇതേ തുടർന്ന് സർക്കാരിനുണ്ടായ നഷ്‌ടം 111 ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും ഈടാക്കും.
പാപ്പനംകോട് ഡിപ്പോയിൽ നിന്നും സർവിസ് മുടക്കിയതിനെ തുടർന്ന് വരുമാന നഷ്‌ടമുണ്ടായ 1,35,000 രൂപ എട്ട് കണ്ടക്‌ടർമാരിൽ നിന്നും, വികാസ് ഭവനിലെ സർവിസ് മുടക്കിയതിനെ തുടർന്ന് വരുമാന നഷ്‌ടമുണ്ടായ 2,10,382 രൂപ 13 ഡ്രൈവർമാരും, 12 കണ്ടക്‌ടർമാരിൽ നിന്നും ഈടാക്കും. അതുപോലെ സിറ്റി യൂണിറ്റിലെ നഷ്‌ട തുകയായ 2,74,050 രൂപ 17 കണ്ടക്‌ടർമാരിൽ നിന്നും 11 ഡ്രൈവർമാരിൽ നിന്നുമായും, പേരൂർക്കട ഡിപ്പോയിലെ വരുമാന നഷ്‌ടമായി കണക്കാക്കുന്ന 3,30,075 രൂപ 25 കണ്ടക്‌ടർമാരിൽ നിന്നും 25 ഡ്രൈവർമാരിൽ നിന്നുമായി തിരിച്ചു പിടിക്കാനുമാണ് ഉത്തരവായത്.
കൂടാതെ 2021 ജൂലൈ 12 ന് സ്‌പ്രെഡ് ഓവർ ഡ്യൂട്ടി നടത്തിപ്പിൽ പ്രതിക്ഷേധിച്ച് പാറശാല ഡിപ്പോയിലെ 8 ജീവക്കാർ ഡ്യൂട്ടിക്ക് ഹാജരാകാത്തതിനെ തുടർന്ന് സർവിസ് റദ്ദാക്കിയിരുന്നു. ഇതേ തുടർന്ന് ഉണ്ടായ നഷ്‌ടമായ 40,277 രൂപ എട്ട് ജീവനക്കാരിൽ നിന്നും തുല്യമായി തിരിച്ചു പിടിക്കാനും ഉത്തരവിട്ടു.