എറണാകുളം : കെഎസ്‌ആർടിസി മുൻജീവനക്കാരുടെ പെൻഷൻ ഈ മാസം 18നകം വിതരണം ചെയ്യുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഇതിനായി 140 കോടി രൂപ നൽകിയിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി ഓൺലൈനായി ഹാജരായി കൊണ്ട് കോടതിയിൽ വ്യക്തമാക്കി. പെൻഷൻ വിതരണം മുടങ്ങിയത് ചൂണ്ടിക്കാട്ടി വിരമിച്ച ജീവനക്കാർ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് സർക്കാർ വിശദീകരണം നൽകിയത്.
കോടതി നിർദേശ പ്രകാരം ഗതാഗത വകുപ്പ് സെക്രട്ടറിയും ഓൺലൈനിൽ ഹാജരായി. അതിനിടെ കേസ് പരിഗണിക്കുന്നതിനിടെ ചീഫ് സെക്രട്ടറി വാദഗതികൾ ഉന്നയിച്ചതിൽ ഹൈക്കോടതി അതൃപ്‌തി പ്രകടിപ്പിച്ചു. എല്ലാ മാസവും അഞ്ചിനു മുൻപ് വിരമിച്ച കെഎസ്‌ആർടിസി ജീവനക്കാർക്ക് പെൻഷൻ വിതരണം ചെയ്യണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
ഈ ഉത്തരവ് നടപ്പാക്കിയില്ലെന്നാണ് ആക്ഷേപം. പെൻഷൻ വിതരണം ചെയ്‌തില്ലെങ്കിൽ ഗതാഗത സെക്രട്ടറിയും ചീഫ് സെക്രട്ടറിയും ഹാജരാകണമെന്നും കോടതി നിർദേശിച്ചിരുന്നു. മേയ് 22 ന് വീണ്ടും ഹർജി കോടതി പരിഗണിക്കും.
കഴിഞ്ഞ രണ്ട് മാസമായി കെഎസ്‌ആർടിസിയിൽ പെൻഷൻ വിതരണം മുടങ്ങിയിരിക്കുകയാണ്. സഹകരണ, ധനകാര്യ വകുപ്പുകൾ തമ്മിലുള്ള തർക്കമാണ് കാരണം. സർക്കാരിന്‍റെ ഉറപ്പിൽ സഹകരണ വകുപ്പാണ് കെഎസ്‌ആർടിസി ജീവനക്കാർക്ക് പെൻഷൻ വിതരണം നടത്തുന്നത്. എന്നാൽ നൽകുന്ന പണത്തിന് പലിശ വർധിപ്പിക്കണമെന്ന് സഹകരണ വകുപ്പ് ആവശ്യപ്പെടുകയും, കരാർ പ്രകാരം ജൂൺ മാസം വരെ പലിശ കൂട്ടാനാകില്ലെന്ന് ധനവകുപ്പ് നിലപാട് എടുക്കുകയുമായിരുന്നു.
More Read :കെഎസ്ആർടിസി പെൻഷൻ മുടങ്ങിയിട്ട് രണ്ട് മാസം; പലിശയെച്ചൊല്ലി തർക്കം തീരാതെ ധനവകുപ്പും സഹകരണ വകുപ്പും