എറണാകുളം: കെഎസ്ആർടിസിയിൽ തവണകളായി ശമ്പളം നൽകാനുള്ള നീക്കത്തിനെതിരെ ജീവനക്കാർ ഹൈക്കോടതിയിൽ. ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഗഡുക്കളായി ശമ്പളം വിതരണം ചെയ്യാനുള്ള മാനേജ്മെന്‍റിന്‍റെ പുതിയ നീക്കം ഹർജിക്കാർ കോടതിയെ ധരിപ്പിച്ചത്. വിഷയത്തിൽ ബുധനാഴ്‌ചക്കകം വിശദീകരണം സമർപ്പിക്കാൻ ജസ്‌റ്റിസ് സതീഷ് നൈനാൻ കെഎസ്ആർടിസിക്ക് നിർദേശം നൽകി.
ശമ്പളം ഗഡുക്കളായി നല്‍കാനുള്ള തീരുമാനം: കെഎസ്ആർടിസിയോട് വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി - എറണാകുളം
കെഎസ്ആർടിസിയില്‍ ശമ്പളം ഗഡുക്കളായി നല്‍കാനുള്ള മാനേജ്മെന്‍റിന്‍റെ പുതിയ നീക്കത്തിനെതിരെ ജീവനക്കാർ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതോടെ വിഷയത്തില്‍ ബുധനാഴ്‌ചക്കകം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതി
കോർപറേഷന്‍റെ അക്കൗണ്ടുകളിലെ പണവും ഓവർഡ്രാഫ്റ്റ് സൗകര്യം ഉപയോഗപ്പെടുത്തി എല്ലാ മാസവും അഞ്ചാം തീയതി ആദ്യ ഗഡുവും, സർക്കാർ സഹായം ലഭിക്കുന്നതോടെ ബാക്കിയും നൽകാനായിരുന്നു മാനേജ്മെന്‍റ് നീക്കം. ശമ്പളം ഗഡുക്കളായി വാങ്ങാൻ താത്‌പര്യമില്ലാത്തവർ ഫെബ്രുവരി 25ന് മുമ്പ് അപേക്ഷ സമർപ്പിക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു. ഇതിനെതിരെയാണ് ജീവനക്കാർ കോടതിയെ സമീപിച്ചത്.
ഇക്കഴിഞ്ഞ 15 നാണ് കെഎസ്ആർടിസി സിഎംഡി ഇത്തരമൊരു ഉത്തരവിറക്കിയത്. ഇതോടെ ഉത്തരവിനെതിരെ ഭരണാനുകൂല ട്രേഡ് യൂണിയനുകളടക്കം പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഈ മാസത്തെ ശമ്പളം അടിയന്തരമായി നൽകണമെന്ന കോടതിയുടെ കർശന നിർദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇത്തവണയും കെഎസ്ആർടിസി ശമ്പള വിതരണം നടത്തിയത്. ഗഡുക്കളായി ശമ്പളം വിതരണം ചെയ്യാനുള്ള തീരുമാനം ഗുണകരമാകുമെന്നായിരുന്നു ഗതാഗതമന്ത്രിയുടെയും പ്രതികരണം.