എറണാകുളം: പ്രതിസന്ധികൾക്കിടെ കെ.എസ്.ആർ.ടി.സിയ്ക്ക് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. എണ്ണക്കമ്പനികൾ കെ.എസ്.ആർ.ടി.സിയ്ക്ക് വിപണി വിലയ്ക്ക് ഡീസൽ നൽകണമെന്ന സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. എണ്ണക്കമ്പനികളുടെ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
വൻകിട ഡീസൽ ഉപഭോക്താവെന്ന പേരിൽ എണ്ണക്കമ്പനികൾ ഡീസലിന് വിപണി വിലയേക്കാൾ കൂടിയ തുക ഈടാക്കുന്നതിനെതിരെ കെ.എസ്.ആർ.ടി.സി നൽകിയ ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് അനുകൂല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വിപണി വിലയ്ക്ക് ഡീസൽ നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. കെ.എസ്.ആർ.ടി.സിയുടെ ഹർജിക്ക് നിയമ സാധുതയില്ല. തങ്ങളുടെ വാദങ്ങൾ പരിഗണിക്കാതെയാണ് സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവിറക്കിയതെന്നും എണ്ണക്കമ്പനികൾ വാദിച്ചിരുന്നു.
വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ കെ.എസ്.ആർ.ടി.സിയ്ക്ക് ഡീസൽ നൽകിയിരുന്നുവെന്നും നിലവിൽ സബ്‌സിഡിയടക്കം ഇല്ലാതിരിക്കെയാണ് ബൾക്ക് പർച്ചേസ് വിഭാഗത്തിലുൾപ്പെടുത്തി നിരക്ക് വർധിപ്പിച്ചതെന്നും എണ്ണക്കമ്പനികൾ ചൂണ്ടികാണിച്ചു. എണ്ണക്കമ്പനികളുടെ വാദങ്ങൾ ഡിവിഷൻ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.
കെ.എസ്.ആർ.ടി.സിക്ക് സംസ്ഥാനത്ത് 72 കൺസ്യൂമർ പമ്പുകളാണ് അനുവദിച്ചിട്ടുള്ളത്. മറ്റു റീട്ടെയിൽ പമ്പുകളെക്കാൾ ഇവിടെ ഇന്ധന വില കുറവായിരുന്നു. എന്നാൽ അടുത്തകാലത്ത് വിലവ്യത്യാസം കുറഞ്ഞു വന്ന് ഇപ്പോൾ കൂടിയ വിലയായെന്നും കെ.എസ്.ആർ.ടി.സിയോടു മത്സരിക്കുന്ന സ്വകാര്യ ബസുകൾക്ക് കുറഞ്ഞ വിലയ്ക്ക് ഡീസൽ ലഭ്യമാകുന്ന സാഹചര്യമുണ്ടെന്നും കെ.എസ്.ആർ.ടി.സി വ്യക്തമാക്കിയിരുന്നു. സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് വിപണി വിലയ്ക്ക് ഡീസൽ നൽകുമ്പോൾ കെ.എസ്.ആർ.ടി.സിയോട് മാത്രം ഉയർന്ന വില ഈടാക്കുന്നതിലെ വിവേചനം കെ.എസ്.ആർ ടി.സി ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും കോടതി അംഗീകരിച്ചില്ല.
Also Read: കെഎസ്‌ആർടിസി ജീവനക്കാരുടെ സമരം തുടങ്ങി, പെരുവഴിയിലായി യാത്രക്കാർ