എറണാകുളം:ജീവനക്കാർക്ക് ഗഡുക്കളായി ശമ്പളം വിതരണം ചെയ്യാനുള്ള മാനേജ്മെന്‍റിന്‍റെ പുതിയ ഉത്തരവ് തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കില്ലെന്ന് കെഎസ്ആർടിസി ഹൈക്കോടതിയിൽ. ജീവനക്കാർക്ക് ഗഡുക്കളായി ശമ്പളം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സിഎംഡി ഇറക്കിയ പുതിയ ഉത്തരവിൽ ഹൈക്കോടതി കെഎസ്ആർടിസിയോട് നേരത്തെ വിശദീകരണം തേടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നൽകിയ സത്യവാങ്മൂലത്തിലാണ് മാനേജ്മെന്‍റിന്‍റെ പുതിയ ഉത്തരവ് തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കില്ലെന്ന് കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചത്.
കൂടാതെ, സുഗമമായ പ്രവർത്തനത്തിനു വേണ്ടി ചെയ്‌ത ക്രമീകരണം മാത്രമാണ് ഗഡുക്കളായി ശമ്പളം വിതരണം ചെയ്യാനുള്ള തീരുമാനം. ജീവനക്കാർക്ക് ശമ്പളം നിഷേധിച്ചിട്ടില്ല. ശമ്പളം വൈകി നൽകുന്നതിനു പകരം രണ്ട് ഗഡുക്കളായി വിതരണം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എല്ലാ മാസവും ആദ്യ ആഴ്‌ചയിൽ ശമ്പളം വിതരണം ചെയ്യണമെന്ന തൊഴിലാളികളുടെ ആവശ്യം കണക്കിലെടുത്താണ് നടപടി എന്നും കെഎസ്‌ആര്‍ടിസി കോടതിയെ അറിയിച്ചിട്ടുണ്ട്.