എറണാകുളം: 22 കോടി രൂപയുടെ എസ്റ്റിമേറ്റ് ഫണ്ട് ഉള്ള പ്ലാമൂടി കോട്ടപ്പടി ഊരംകുഴി റോഡ് അറ്റകുറ്റപ്പണികൾ മുടങ്ങി നശിക്കുന്നതായി പരാതി. 12 വർഷമായി അറ്റകുറ്റപ്പണികൾ നടക്കാതെ കിടന്ന റോഡിൽ ഒന്നര വർഷം മുൻപ് പൊതുമരാമത്ത് മന്ത്രി നേരിട്ടെത്തിയാണ് റോഡ് നിര്‍മാണം ഉദ്‌ഘാടനം ചെയ്തത്. എന്നാൽ അത് ഒന്നര വർഷം ആയിട്ടും പൂർത്തിയാക്കിയിട്ടില്ല. കോട്ടപ്പടിയിൽ നിന്ന് തുടങ്ങി ഊരംകുഴിയിൽ അവസാനിക്കുന്ന റോഡിന്‍റെ പല ഭാഗങ്ങളും നിർമാണ പ്രവർത്തികൾക്കായി ജെസിബി ഉപയോഗിച്ച് താറുമാറാക്കിയ അവസ്ഥയിലാണ്.
ഒന്നര വർഷമായിട്ടും നിര്‍മാണം പൂര്‍ത്തീകരിക്കാതെ കോട്ടപ്പടി ഊരംകുഴി റോഡ് - ruined
റോഡ് തകർന്ന് ഗതാഗതയോഗ്യമല്ലാതായതോടെ ഇതുവഴിയുള്ള ബസ് സർവ്വീസ് നിർത്തി
കോട്ടപ്പടിയിൽ നിന്നും റോഡിന്‍റെ പണി കുറച്ച് ദൂരം ആരംഭിച്ചെങ്കിലും ഫണ്ടിന്‍റെ അപര്യാപ്തത മൂലം പണിമുടങ്ങിയിരുന്നു. ഒന്നര വർഷം പിന്നിടുമ്പോഴും റോഡ് ഗതാഗതയോഗ്യമല്ലാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ചെറുവട്ടൂർ മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനവും റോഡിൽ വാഴ നട്ട് പ്രതിഷേധിവും നടത്തി. വർഷങ്ങൾക്ക് മുൻപ് ഒരു ബസ് ഇതിലൂടെ സർവ്വീസ് നടത്തിയിരുന്നു. എന്നാൽ റോഡ് തകർന്ന് ഗതാഗതയോഗ്യമല്ലാതായതോടെ ബസ് സർവ്വീസ് നിർത്തി. ഒന്നര വർഷം മുൻപ് വെട്ടിപൊളിച്ച റോഡ് അധികാരികളുടെ അനാസ്ഥയും അവഗണനയും മൂലം തകർന്നു. വേനൽ കാലത്ത് രൂക്ഷമായ പൊടിശല്യവും മഴക്കാലത്തെ വെള്ളക്കെട്ടും കൊണ്ട് തങ്ങൾ ദുരിതത്തിലാണെന്ന് നാട്ടുകാർ പറയുന്നു. മഴ ശക്തമായി പെയ്യുന്ന സമയങ്ങളിൽ റോഡിൽ വെള്ളക്കെട്ടും ചെളിയും കൊണ്ട് നിറയും. ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നവർ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. ഇവരെ പലപ്പോഴും നാട്ടുകാർ തന്നെയാണ് ആശുപത്രിയിൽ എത്തിക്കുന്നത്. റോഡിന്‍റെ ശോചനീയാവസ്ഥക്ക് ഉടൻ പരിഹാരമായില്ലങ്കിൽ ശക്തമായ സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍.