എറണാകുളം: എൽഡിഎഫ് അവഗണിച്ചുവെന്ന് ആരോപിച്ച് കോതമംഗലത്ത് മുന്നണി പ്രചരണത്തിൽ നിന്ന് വിട്ട് നിൽക്കാനൊരുങ്ങി ലോക് താന്ത്രിക് ജനതാദൾ. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തിൽ അർഹമായ പ്രാതിനിധ്യം നൽകാത്തതിൽ പ്രതിഷേധിച്ചാണ് തീരുമാനം.
എൽഡിഎഫ് അവഗണിച്ചു; എല്‍ജെഡി പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കും - LJD on local body election campaign
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി അവഗണിച്ചുവെന്നാരോപിച്ചാണ് തീരുമാനം
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലങ്ങളിൽ കോട്ടപ്പടി ബ്ലോക്ക് ഡിവിഷനിലുൾപ്പെടെ മത്സരരംഗത്ത് ഉണ്ടായിരുന്ന വിരേന്ദ്രകുമാർ വിഭാഗം (ജനതാദൾ) യുഡിഎഫ് വിട്ട് എൽഡിഎഫിൽ തിരികെയെത്തിയപ്പോൾ കാലങ്ങളായി മത്സരിച്ച ബ്ലോക്ക് സീറ്റില്‍ ഉൾപ്പെടെ സിപിഎം സ്ഥാനാർഥികളെ നിർത്തി. അർഹമായ അംഗീകാരം നൽകിയില്ലെന്ന് മാത്രമല്ല പൂർണമായി തഴയുകയും ചെയ്‌തതിൽ പ്രതിഷേധിച്ചാണ് മുന്നണിയുടെ പ്രചരണ പരിപാടിയിൽ നിന്ന് എൽജെഡി വിട്ടു നിൽക്കാൻ തീരുമാനിച്ചത്. സംസ്ഥാന-ജില്ലാ നേതൃത്വത്തിന്‍റെ നിർദേശ പ്രകാരമാണ് ഇത്തരമൊരു തീരുമാനമെന്ന് നേതാക്കൾ വ്യക്തമാക്കി.
കവളങ്ങാട് പഞ്ചായത്തിൽ ആദ്യ ഘട്ട സീറ്റ് വിഭജനത്തിൽ എൽഡിഎഫ്, എൽജെഡിയെ പരിഗണിച്ചെങ്കിലും കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്‍റെ കടന്ന് വരവിനെ തുടർന്ന് എൽജെഡിയെ തഴയുകയായിരുന്നു. കവളങ്ങാട് പഞ്ചായത്തിൽ വാർഡ് 18 മാരമംഗലം ഡിവിഷനിലെ സ്വതന്ത്ര സ്ഥാനാർഥി ഷാമോൻ കാസിമിനെ പിന്തുണക്കാനും എൽജെഡി നേതൃയോഗം തീരുമാനിച്ചതായി നിയോജക മണ്ഡലം പ്രസിഡന്‍റ് മനോജ് ഗോപി പറഞ്ഞു. എൽജെഡിയെ പിണക്കിയത് ചില പഞ്ചായത്തുകളിൽ യുഡിഎഫിന് അനുകൂല സാഹചര്യം ഉണ്ടാകുമെന്ന് യുഡിഎഫ് ക്യാമ്പുകൾ പ്രതീക്ഷിക്കുന്നു.