എറണാകുളം: കോതമംഗലം പള്ളി കേസിൽ ഹാജരാകാത്തതിനെ തുടർന്ന് എറണാകുളം ജില്ലാ കലക്‌ടർക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പള്ളി ഏറ്റെടുത്ത് ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെതിരെ ഓര്‍ത്തഡോക്‌സ് സഭാ വികാരി സമര്‍പ്പിച്ച കോടതി അലക്ഷ്യക്കേസിലാണ് ഹൈക്കോടതിയുടെ വിമർശനം.
കോതമംഗലം പള്ളി കേസ്; കലക്‌ടർക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം - കലക്‌ടറെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ സഭാ വികാരി സമര്‍പ്പിച്ച കോടതി അലക്ഷ്യക്കേസിൽ ഹാജരാകാത്തതിനെതുടർന്നാണ് ഹൈക്കോടതിയുടെ വിമർശനം
കോടതി ഉത്തരവ് അറിയില്ലേയെന്നും ഉത്തരവ് നടപ്പാക്കാൻ കാലതാമസം എന്താണെന്നും കോടതി കലക്‌ടർ എസ്. സുഹാസിനോട് ചോദിച്ചു. ഇത് കോടതിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ മറ്റ് മാർഗങ്ങൾ തേടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. കോടതി ഉത്തരവ് നടപ്പിലാക്കാൻ കലക്‌ടർ രണ്ടു മാസത്തെ സാവകാശം തേടിയെങ്കിലും ഇത്രയധികം സമയം അനുവദിക്കാനാവില്ലെന്നും മാർച്ച് രണ്ടിന് പള്ളി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു.
കോടതിയില്‍ ഹാജരാകേണ്ടത് കലക്‌ടറുടെ ഇഷ്‌ടത്തിനല്ലെന്നും ഈ മനോഭാവം തുടരുകയാണെങ്കിൽ അറസ്റ്റ് ചെയ്‌ത് ഹാജരാക്കാന്‍ ഉത്തരവിടുമെന്നും ജസ്റ്റിസ് പി.ബി സുരേഷ് കുമാര്‍ വ്യക്തമാക്കി. കലക്‌ടറെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് അറ്റോര്‍ണിയും കോടതിയില്‍ എത്താത്ത സാഹചര്യത്തിൽ അഞ്ച് മിനിട്ടിനുള്ളില്‍ കലക്‌ടർ ഹാജരാകണമെന്ന് കോടതി നിർദേശിക്കുകയായിരുന്നു. ഹാജരാകാൻ സമയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി അംഗീകരിച്ചില്ല. തുടർന്നാണ് കലക്‌ടർ എസ്. സുഹാസ് കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകിയത്. അഡ്വക്കറ്റ് ജനറലുമായി കൂടികാഴ്‌ച നടത്തിയ ശേഷമാണ് കലക്‌ടർ മടങ്ങിയത്. മാർച്ച് രണ്ടിന് കേസ് വീണ്ടും പരിഗണിക്കും.