എറണാകുളം: കേന്ദ്രസേനയെ ഉപയോഗിച്ച് കോതമംഗലം മാർതോമന്‍ ചെറിയപള്ളി സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് തടഞ്ഞു . സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ. ഹര്‍ജി ഈ മാസം 15ന് വീണ്ടും പരിഗണിക്കും.
മുഖ്യമന്ത്രി രണ്ട് വിഭാഗങ്ങളുടെയും യോഗം വിളിച്ചിരുന്നു എന്ന് സ്റ്റേറ്റ് അറ്റോർണി കോടതിയെ അറിയിച്ചു. പ്രശ്‌നങ്ങൾ ഒത്തുതീർപ്പാകാൻ സാധ്യതയുണ്ട്. ക്രമസമാധാന പ്രശ്‌നങ്ങളില്ലാതെ നോക്കേണ്ടതുണ്ടന്നും സർക്കാർ വ്യക്തമാക്കി. സമാധാനം നില നിർത്താനാണ് തങ്ങളും ആഗ്രഹിക്കുന്നതെന്ന് കേന്ദ്ര സർക്കാറും അറിയിച്ചു. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ മാത്രമേ സാധാരണ രീതിയിൽ കേന്ദ്രം ഇടപെടൽ നടത്തുകയുള്ളൂ. പക്ഷേ കോടതി ഉത്തരവിട്ടാൽ ഇടപെടേണ്ടി വരും. കോടതി ഉത്തരവ് നടപ്പാക്കാൻ ന്യായമായ സമയം ആവശ്യമാണ്. അഭിഭാഷക കമ്മിഷനെ നിയോഗിക്കണമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.