എറണാകുളം: എയ്‌ഡഡ് സ്കൂള്‍ നിയമനം പിഎസ്‌സിക്ക് വിടുമെന്ന സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്‍റെ പ്രസ്താവന തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എയ്‌ഡഡ് സ്കൂള്‍ നിയമനം പിഎസ്‌സിക്ക് വിടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കോടിയേരി കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരമൊരു ആവശ്യം പലരും ഉന്നയിച്ചിരുന്നെങ്കിലും സര്‍ക്കാറോ പാര്‍ട്ടിയോ അത്തരമൊരു ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മതനിരപേക്ഷതയ്‌ക്ക് വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണ് സിപിഎമ്മെന്നും, പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത് എല്ലാ മത വിഭാഗങ്ങളേയും യോജിപ്പിച്ച് കൊണ്ടു പോകുന്ന നിലപാടാണെന്നും, മതപരമായി ജനങ്ങളെ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനം നടത്തുന്നത് ലീഗാണെന്നും കോടിയേരി പറഞ്ഞു. സ്ഥാനാർഥിക്കെതിരെ വ്യക്തി അധിക്ഷേപം നടത്തുന്നത് നിയമസഭ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.