എറണാകുളം:കൊച്ചി നഗരത്തിൽ പശ്ചിമബംഗാൾ സ്വദേശിനി സന്ധ്യക്ക് നേരെ നടന്നത് വധശ്രമമെന്ന് ദൃക്‌സാക്ഷികൾ. പ്രതി ഫാറൂഖ് കഴുത്തിന് വെട്ടാൻ ശ്രമിച്ചത് തടഞ്ഞതോടെയാണ് യുവതിയുടെ വലതു കൈക്ക് വെട്ടേറ്റത്. ആക്രമണത്തില്‍ കൈ അറ്റുതൂങ്ങിയ നിലയിലായിരുന്നുവെന്നും ദൃക്‌സാക്ഷികൾ ഇടിവി ഭാരതിനോട് പറഞ്ഞു.
കൊച്ചിയില്‍ യുവതിക്കുനേരെയുണ്ടായ ആക്രമണം വധശ്രമമെന്ന് ദൃക്‌സാക്ഷികൾ - എറണാകുളം
കൊച്ചിയില്‍ പശ്ചിമബംഗാൾ സ്വദേശിനിക്ക് നേരെയുണ്ടായ ആക്രമണം വധശ്രമമെന്ന് വ്യക്തമാക്കി ദൃക്‌സാക്ഷികൾ
കലൂർ ആസാദ് റോഡിലൂടെ നടന്ന് വരികയായിരുന്ന രണ്ട് യുവതികളിലൊരാളുമായി ബൈക്കിലെത്തിയ പ്രതി വാക്ക് തർക്കത്തിലേർപ്പെടുകയും രണ്ടുതവണ വെട്ടുകയും ചെയ്‌തുവെന്ന് സമീപത്തെ കെട്ടിടത്തിന്‍റെ മുകളിൽ നിന്നും സംഭവം നേരില്‍ കണ്ട സുധീഷ് പറഞ്ഞു. കഴുത്തിനു നേരെ വെട്ടുമ്പോൾ തടുത്തതോടെയാണ് യുവതിയുടെ കൈക്ക് ഗുരുതരമായി വെട്ടേറ്റതെന്നും ആളുകൾ ഓടിയെത്തുന്നത് കണ്ടതോടെയാണ് പ്രതികള്‍ ഓടി രക്ഷപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനിടയിൽ വെട്ടാൻ ഉപയോഗിച്ച കത്തി പ്രതിയുടെ കയ്യിൽ നിന്നും നിലത്ത് വീണുപോവുകയായിരുന്നുവെന്നും സുധീഷ് വ്യക്തമാക്കി.
എന്നാല്‍ വെട്ടേറ്റ് അറ്റ നിലയിലായ കൈ തുണി ഉപയോഗിച്ച് കെട്ടുകയും വെള്ളം നൽകുകയും ചെയ്‌ത ശേഷം ഒരു വാഹനത്തിൽ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന് മറ്റൊരു ദൃക്‌സാക്ഷിയായ കണ്ണൻ പറഞ്ഞു.