കേരളം

kerala

ETV Bharat / state

ഒരേ സമയം നൂറ് പേര്‍ക്ക് യാത്ര ചെയ്യാം, പൂര്‍ണമായി ശീതീകരിച്ച 78 ബോട്ടുകള്‍ ; ഏഷ്യയിലെ ബൃഹത്തായ ജലഗതാഗത ശൃംഖല, അഭിമാനമായി വാട്ടര്‍ മെട്രോ - വാട്ടര്‍ മെട്രോ

ഹൈക്കോടതി ജെട്ടി മുതൽ വൈപ്പിൻ ജെട്ടി വരെയാണ് കൊച്ചി വാട്ടര്‍ മെട്രോയുടെ ആദ്യ ഘട്ടത്തിലെ സര്‍വീസ്.

kochi water metro  water metro  kochi  kochi metro  water metro service  വാട്ടര്‍ മെട്രോ  കൊച്ചി വാട്ടര്‍ മെട്രോ
Water Metro

By

Published : Apr 25, 2023, 12:37 PM IST

കൊച്ചി വാട്ടര്‍ മെട്രോ

എറണാകുളം:രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ പദ്ധതിയായ കൊച്ചി വാട്ടര്‍ മെട്രോ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചപ്പോള്‍ അവസാനിക്കുന്നത് ജനങ്ങളുടെ ദീര്‍ഘകാലത്തെ കാത്തിരിപ്പ് കൂടിയാണ്. കൊച്ചിയിലെ കായല്‍പ്പരപ്പുകളില്‍ വാട്ടര്‍ മെട്രോ ഓടി തുടങ്ങിയപ്പോള്‍ കൊച്ചി മെട്രോയ്‌ക്ക് അത് ചരിത്ര നിമിഷം കൂടിയായിരുന്നു. പുതിയ പദ്ധതിയുടെ വരവോടെ മെട്രോ റെയിലിന്‌ അനുബന്ധമായി വാട്ടർ മെട്രോ സർവീസുള്ള രാജ്യത്തെ ഏക മെട്രോയായി കൊച്ചി മെട്രോ മാറി. ആദ്യ ഘട്ടത്തിൽ ഹൈക്കോടതി ജെട്ടി മുതൽ വൈപ്പിൻ ജെട്ടി വരെയായായിരിക്കും വാട്ടർ മെട്രോ സർവീസ് നടത്തുക. ഇതിനു പിന്നാലെ വൈറ്റില-കാക്കനാട് സർവീസും ആരംഭിക്കും.

ഏഷ്യയിലെ ഏറ്റവും വലിയ സംയോജിത ജലഗതാഗത സംവിധാനം:76 കിലോമീറ്റര്‍ നീളത്തില്‍ 38 ടെര്‍മിനലുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകളുമായി സര്‍വീസ് നടത്തുന്ന വളരെ ബൃഹത്തായ ജലഗതാഗത ശൃംഖലയാണ് കൊച്ചി വാട്ടര്‍ മെട്രോ. അന്താരാഷ്ട്ര നിലവാരത്തിലുള്ള ടെര്‍മിനലുകളും ബോട്ടുകളുമാണ് വാട്ടർ മെട്രോയുടെ പ്രത്യേകത. ഇതോടെ കൊച്ചി വൺ കാർഡ് ഉപയോഗിച്ച് കൊച്ചി മെട്രോയിലും വാട്ടർ മെട്രോയിലും ബസുകളിലും ഓട്ടോ, ടാക്‌സി വാഹനങ്ങളിലും യാത്ര ചെയ്യാവുന്ന ഏകീകൃത യാത്ര സംവിധാനമാണ് നിലവിൽ വരുന്നത്.

പശ്ചിമ കൊച്ചി, വൈപ്പിൻ ദ്വീപ് എന്നിവടങ്ങളില്‍ നിന്നും നഗരത്തിലേക്ക് സുരക്ഷിതമായി വേഗത്തിൽ എത്തിച്ചേരാം. നഗരത്തിന് ഉള്ളില്‍ നിന്നും കൊച്ചിയുടെ വിവിധ ഭാഗങ്ങളിലേക്ക് തടസങ്ങള്‍ ഇല്ലാത്ത യാത്രയ്ക്കുമാണ് വാട്ടർ മെട്രോ അവസരം ഒരുക്കുന്നത്. മുഴുവന്‍ യാത്രക്കാര്‍ക്കും ലൈഫ് ജാക്കറ്റ് ഉള്‍പ്പടെയുള്ള സുരക്ഷ ഉപകരണങ്ങളും വാട്ടര്‍ മെട്രോ ബോട്ടുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബോട്ടുകള്‍ പൂര്‍ണമായും ശീതീകരിച്ചതായിരിക്കും. ബോട്ടിനുള്ളില്‍ ഇരുന്ന് യാത്രക്കാര്‍ക്ക് സുതാര്യമായ ഗ്ലാസുകളിലൂടെ പൂര്‍ണമായും കായല്‍ കാഴ്‌ചകളും കാണാം.

യാത്രചെയ്യാം നൂറ് പേര്‍ക്ക്:ഗതാഗത കുരുക്കില്ലാതെ കായൽ കാഴ്‌ചകൾ ആസ്വദിച്ച് യാത്ര ചെയ്യാനുള്ള അവസരമാണ് വാട്ടർ മെട്രോ ഒരുക്കുന്നത്. അമ്പത് പേര്‍ക്ക് ഇരുന്നും 50 പേര്‍ക്ക് നിന്നും ആകെ 100 പേര്‍ക്ക് ഒരേസമയം യാത്ര ചെയ്യാന്‍ കഴിയുന്ന 23 ബോട്ടുകളും, 50 പേർക്ക് ഇരിക്കാൻ കഴിയുന്ന 55 ബോട്ടുകളുമാണ് വാട്ടർ മെട്രോയ്ക്ക് വേണ്ടി ഒരുങ്ങുന്നത്.

നിര്‍മാണം കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍, പ്രത്യേകതകള്‍ ഇങ്ങനെ:കൊച്ചിൻ ഷിപ്പിയാർഡ് നിർമിക്കുന്ന ബോട്ടുകളിൽ ആറെണ്ണം ഇതിനകം വാട്ടർ മെട്രോയ്ക്ക് കൈമാറിയിരുന്നു. ഈ ബോട്ടുകളുടെ സുരക്ഷ പരിശോധനകളും ട്രയൽ റണ്ണും പൂർത്തീകരിച്ചിട്ടുണ്ട്. ബാറ്ററിയിലും ഡീസല്‍ ജനറേറ്റര്‍ വഴിയും രണ്ടും ഉപയോഗിച്ചുള്ള ഹൈബ്രിഡ് രീതിയിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ബോട്ടെന്ന പുതുമയും ഇവയ്‌ക്കുണ്ട്.

ബാറ്ററിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഇത്രയും വിപുലമായ ബോട്ട് ശൃഖംല ലോകത്ത് തന്നെ ആദ്യമാണ്. അതിവേഗം ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ബാറ്ററിയാണ് ബോട്ടുകളിൽ ഉപയോഗിക്കുന്നത്. 10 മുതല്‍ 15 മിനിറ്റ് വരെ മാത്രം സമയം എടുത്ത് ഇവ പൂര്‍ണമായും ചാര്‍ജ് ചെയ്യാം.

ബോട്ടിലേക്ക് യാത്രക്കാര്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും ഇവ ചാര്‍ജ് ചെയ്യാന്‍ കഴിയും. പരമ്പരാഗത ബോട്ടിനേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഇവയുടെ വേഗത എട്ട് നോട്ട് ആണ്. വേഗതയില്‍ കായല്‍പ്പരപ്പിലൂടെ യാത്ര ചെയ്യുമ്പോഴും ഓളം ഉണ്ടാകുന്നത് പരമാവധി കുറയ്‌ക്കുന്ന രീതിയിലാണ് ഇവയുടെ നിര്‍മാണം.

വാട്ടർ മെട്രോയിൽ ഫ്ലോട്ടിങ് ജെട്ടികളായതിനാല്‍ ബോട്ടും ജെട്ടിയും എപ്പോഴും ഒരേനിരപ്പിലായിരിക്കും. അതുകൊണ്ട് തന്നെ ഏറ്റവും സുരക്ഷിതമായി തന്നെ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ബോട്ടിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യാം. ബോട്ട് ജെട്ടികളിലെ ഓപ്പറേറ്റിങ് കണ്‍ട്രോള്‍ സെന്‍ററില്‍ നിന്ന് ഓട്ടോമാറ്റിക്കായി ബോട്ടിന്‍റെ സഞ്ചാരം നിരീക്ഷിക്കാനുള്ള സജ്ജീകരണങ്ങളുമുണ്ട്.

രാത്രി യാത്രകളില്‍ ഓപ്പറേറ്റര്‍മാര്‍ക്ക് സഹായമാകുന്നതിന് വേണ്ടി തെര്‍മല്‍ കാമറയും ബോട്ടില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ ബോട്ടിന് ചുറ്റുമുള്ള സംവിധാനവും ഇവര്‍ക്ക് കാണാം. കൂടാതെ റഡാര്‍ സംവിധാനവും ബോട്ടുകളില്‍ ഒരുക്കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details