എറണാകുളം:കൊച്ചി വാട്ടർ മെട്രോ ആദ്യഘട്ട സര്‍വീസിന് സജ്ജമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്‌ടർ ലോക്‌നാ ഥ് ബെഹ്റ. ആദ്യം സർവീസ് ആരംഭിക്കുന്ന വൈപ്പിൻ, ബോൾഗാട്ടി, ഹൈക്കോർട്ട് ടെർമിനലുകളുടെ നിർമാണം പൂർത്തിയായി. ഇതിനുള്ള സാങ്കേതിക അനുമതികളും ലഭിച്ചിട്ടുണ്ടെന്ന് കെ.എം.ആർ.എൽ ആസ്ഥാനത്ത് വച്ച് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
'പ്രതികൂലമായ കാലാവസ്ഥയിലും പരീക്ഷണയോട്ടം പൂർത്തിയാക്കിയിട്ടുണ്ട്. മൂന്ന് ടെർമിനലുകളും സർവീസിന് സജ്ജമായിക്കഴിഞ്ഞുവെന്ന് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഉദ്ഘാടന തിയതി സംബന്ധിച്ച കാര്യങ്ങൾ സംസ്ഥാന സർക്കാരാണ് തീരുമാനിക്കേണ്ടത്'.
'ആദ്യഘട്ട സർവിസിനുള്ള അഞ്ച് ബോട്ടുകളും കൊച്ചി കപ്പൽശാലയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. അടിയന്തര ആവശ്യങ്ങൾക്കുള്ള മറ്റൊരു ബോട്ടും തയ്യാറായിട്ടുണ്ട്. ഡിസംബര്‍ അവസാനത്തോടെ അഞ്ച് ബോട്ടുകള്‍ കൂടി നിര്‍മാണം പൂര്‍ത്തിയാക്കി സര്‍വീസിന് ലഭ്യമാവുമെന്നും' അദ്ദേഹം അറിയിച്ചു.
'ജലമെട്രോയുടെ രണ്ടാംഘട്ടം എവിടെ നിന്നാണെന്ന് ഇപ്പോള്‍ പറയാനാകില്ല. യാത്രക്കാരുടെ എണ്ണം, കായലിലെ തടസങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ച ശേഷമായിരിക്കും ഇക്കാര്യം തീരുമാനിക്കുക. വൈറ്റിലയിൽ നിന്നും കാക്കനാടേക്കുള്ള സർവീസ് നടത്തുന്നതിനുളള ക്രമീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്'. 'എന്നാൽ വൈപ്പിനിൽ നിന്നും എറണാകുളത്തേക്കുള്ള റൂട്ടിലാണ് യാത്രക്കാർ കൂടുതലായി ഉള്ളത്. ഇത് പരിഗണിച്ചാണ് ആദ്യ ഘട്ടത്തിൽ വാട്ടർ മെട്രോ സർവീസിനായി ഈ ജലപാത തെരെഞ്ഞെടുത്തതെന്നും' ബെഹ്റ പറഞ്ഞു.