എറണാകുളം: കൊച്ചി നഗരത്തില്‍ നിന്നും ജൈവ മാലിന്യം രണ്ട് മാസത്തേക്ക് കൂടി ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകാന്‍ സര്‍ക്കാര്‍ അനുമതി. ജൂണ്‍ ഒന്നാം തിയതി മുതല്‍ കോര്‍പറേഷനിലെ ജൈവ മാലിന്യം ബ്രഹ്മപുരത്തേക്ക് എത്തിക്കുന്നത് നിര്‍ത്തിവച്ചിരുന്നു. ഇതേ തുടര്‍ന്ന് നഗരത്തിലെ മാലിന്യ നീക്കം പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് പുതിയ തീരുമാനം.
ജൂണ്‍ ഒന്ന് മുതല്‍ സ്വകാര്യ കമ്പനികള്‍ക്ക് ആയിരുന്നു മാലിന്യം നീക്കാനുള്ള ചുമതല. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ മേഖലയില്‍ കാര്യക്ഷമമായി നടന്നിരുന്നില്ല. ഇതോടെ വീടുകളില്‍ നിന്നുള്‍പ്പടെ മാലിന്യം നീക്കുന്നത് തടസപ്പെട്ടു.
ഈ സാഹചര്യത്തില്‍ ശക്തമായ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി. ഇതോടെയാണ് നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ വേണ്ടി കോര്‍പറേഷന്‍ സര്‍ക്കാരിനെ സമീപിച്ചത്. ഇതിന് പിന്നാലെയാണ് രണ്ട് മാസത്തേക്ക് കൂടി കോര്‍പറേഷന്‍ പരിധിയിലെ ജൈവ മാലിന്യം ബ്രഹ്മപുരത്തേക്ക് മാറ്റാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.
മഴക്കാലം ആരംഭിച്ച സാഹചര്യത്തില്‍ മാലിന്യ നീക്കത്തില്‍ കാലതാമസം ഉണ്ടാകാതിരിക്കാന്‍ കൂടിയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നടപടി. ഈ വിഷയം ചര്‍ച്ച ചെയ്യാനായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, വ്യവസായവകുപ്പ് മന്ത്രി പി രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം. അതേസമയം, സ്വകാര്യ കമ്പനികളും മാലിന്യം ശേഖരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരും.
Also Read :കൊച്ചിയില്‍ മാലിന്യവുമായെത്തിയ ടോറസ് ലോറികള്‍ പിടികൂടി നാട്ടുകാര്‍; പൊലീസില്‍ പരാതി നല്‍കാനൊരുങ്ങി നഗരസഭ
യോഗത്തിലെ നിര്‍ദേശങ്ങള്‍:പ്രതിദിനം 50 ടണ്‍ വരെ അളവില്‍ ആയിരിക്കും ജൈവമാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകുക. മുന്‍പുണ്ടായിരുന്നത് പോലെ മാലിന്യം നിക്ഷേപിക്കുന്നത് അനുവദിക്കില്ല. നിലവിലുള്ള ഷെഡിന്‍റെയും ആര്‍ആര്‍എഫ് കെട്ടിടത്തിന്‍റെയും അറ്റകുറ്റപ്പണികള്‍ പൂര്‍ണമായി നടത്തിയ ശേഷം അവ മാലിന്യ സംസ്‌കരണത്തിന് വേണ്ടി ഉപയോഗിക്കും.
ഈ രണ്ട് മാസത്തിനുള്ളില്‍ കൂടുതല്‍ സ്വകാര്യ ഏജന്‍സികളെ കൂടി കണ്ടെത്തി ജൈവമാലിന്യ സംസ്‌കരണ പ്രശ്‌നം പരിഹരിക്കുന്നതിനും കോര്‍പറേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിയമാനുസൃതമായി മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഇല്ലാത്ത ഫ്ലാറ്റുകള്‍ കണ്ടെത്തി പിഴ ചുമത്തുന്നതുള്‍പ്പടെയുള്ള നടപടി സ്വീകരിക്കും. പ്രതിദിനം കൊണ്ടുപോകുന്ന മാലിന്യത്തിന്‍റെ അളവ് കൊച്ചി കോര്‍പറേഷന്‍ ശ്രദ്ധിക്കണമെന്നും എന്‍ഫോഴ്‌സ്മെന്‍റ് സ്ക്വാഡ് ഇക്കാര്യം നിരീക്ഷിക്കണമെന്നും മന്ത്രിമാര്‍ നിര്‍ദേശിച്ചു.
അതേ സമയം, എറണാകുളം ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ പൊലീസ് നടപടി ശക്തമാണ്. സിറ്റി പൊലീസ് പരിധിയിലെ എളമക്കര, ഏലൂർ, എറണാകുളം ടൗൺ നോർത്ത്, ഫോർട്ട് കൊച്ചി, കടവന്ത്ര, മട്ടാഞ്ചേരി, പാലാരിവട്ടം, തൃക്കാക്കര, ഉദയംപേരൂർ, സ്റ്റേഷനുകളിലാണ് നിലവില്‍ കേസുകൾ രജിസ്റ്റർ ചെയ്‌തത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെയും കേരള പൊലീസ് നിയമത്തിലെയും വകുപ്പുകളാണ് കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. നിലവില്‍ പത്തിലധികം പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തതായാണ് സൂചന.
Also Read :'പ്ലാസ്റ്റിക് കുപ്പി തിരികെ കൊടുത്താല്‍ പണം മടക്കി നല്‍കും'; പരിസ്ഥിതി സംരക്ഷണത്തിന് ഇടുക്കി ഡിടിപിസിയുടെ വേറിട്ട മാതൃക