എറണാകുളം :ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ ടൂറിസ്റ്റ് ബസുകൾ തൂക്കി വിൽക്കാനൊരുങ്ങി കൊച്ചിയിലെ റോയൽ ട്രാവൽസ് ഉടമ. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് ഈ തീരുമാനത്തിലേക്ക് റോയ്‌സൺ ജോസഫ് കടന്നത്. അതിജീവനത്തിനായി തന്‍റെ പത്ത് ബസുകളില്‍ മൂന്നെണ്ണമാണ് അദ്ദേഹം തൂക്കിവില്‍ക്കാന്‍ തീരുമാനിച്ചത്.
'തീരുമാനം നിവൃത്തികേടുകൊണ്ട്'
ബസ് ഒന്നിന് 45 ലക്ഷം നല്‍കിയാണ് വാങ്ങിയത്. നിലവില്‍ കിലോയ്ക്ക് 45 രൂപ നിരക്കിൽ വില്‍പന നടത്തി മറ്റ് ബസുകളുടെ ലോണും ടാക്‌സും അടയ്ക്കാനും ജീവിത ചെലവ് കണ്ടെത്താനുമാണ് ഈ തീരുമാനമെന്ന് റോയ്‌സണ്‍ ഇ.ടി.വി ഭാരതിനോട് പറഞ്ഞു. ബസുകൾ തൂക്കി വിൽക്കുന്നതായി കഴിഞ്ഞ ദിവസം സമൂഹിക മാധ്യമങ്ങളിൽ പരസ്യം നൽകിയിരുന്നു. ഇതിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൊവിഡിനെ തുടർന്ന് വിവാഹങ്ങൾക്കും വിനോദ സഞ്ചാരത്തിനും ഓട്ടം ലഭിക്കുന്നില്ല.
ടൂറിസ്റ്റ് ബസുകൾ തൂക്കി വിൽക്കാനൊരുങ്ങി കൊച്ചിയിലെ ടൂറിസ്റ്റ് ബസ് ഉടമ വരുമാനമില്ലെങ്കിലും ടാക്‌സ് അടക്കേണ്ടി വരുന്ന സ്ഥിതിവിശേഷമാണുള്ളത്. ബസുകൾ പരിപാലിക്കുന്നതിന് തന്നെ വലിയ തുകയാണ് ചെലവഴിക്കേണ്ടി വരുന്നത്. ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വലിയ തുക ലോൺ എടുത്ത് തിരിച്ചടവ് മുടങ്ങി ഈ മേഖലയിലുള്ളവർ ആത്മഹത്യയുടെ വക്കിലാണെന്ന് അദേഹം പറയുന്നു. നിവൃത്തികേടുകൊണ്ടാണ് വാഹനം വിൽക്കാൻ തീരുമാനിച്ചത്.
'80 ശതമാനം പേരും ആത്മഹത്യയുടെ വക്കില്‍'
കഴിഞ്ഞ ദിവസം ടാക്‌സും ഇൻഷുറൻസും അടച്ച് നിരത്തിലിറക്കിയ വാഹനം പൊലീസുകാർ പിടിച്ച് രണ്ടായിരം രൂപ പിഴചുമത്തുകയുണ്ടായി. മോട്ടോർ വാഹന വകുപ്പിന്‍റെ വെബ് സൈറ്റിൽ വാഹനത്തിന്‍റെ നമ്പർ നൽകിയാൽ ഇൻഷുറൻസ്, മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ്, പെർമിറ്റ് എന്നിവയെക്കുറിച്ച് പരിശോധിക്കാൻ കഴിയും. എന്നാൽ എല്ലാം ക്ലിയറായ വാഹനം യാത്രക്കിടെ പൊലീസ് പിടിച്ചാൽ, നാണം കെടാതിരിക്കാൻ അവർ പറയുന്ന പിഴ നൽകുകയാണ്. ഇത്തരത്തിൽ ഉദ്യോഗസ്ഥർ പീഡിപ്പിക്കുകയാണെന്നും റോയ്‌സണ്‍ ആരോപിയ്‌ക്കുന്നു.
ഈ മേഖലയിലുള്ള 80 ശതമാനത്തോളം പേരെയും ആത്മഹത്യയെന്ന ചിന്തയിലേക്ക് നയിക്കുന്ന സാഹചര്യമാണുള്ളത്. മുന്നോട്ട് പോകാൻ കഴിയാതെ ഇതിനകം നിരവധിയാളുകൾ ആത്മഹത്യ ചെയ്‌തിട്ടുണ്ട്. അടുത്ത ദിസം തന്നെ തന്‍റെ ബസുകൾ തൂക്കി വിറ്റിരിക്കുമെന്നും അത് ഉറപ്പാണെന്നും വേദനയോടെ റോയൽ ട്രാവൽസ ഉടമ വിശദീകരിക്കുന്നു.
'മൂന്ന് ബസുകൾ തൂക്കി വിറ്റാൽ പതിനഞ്ച് ലക്ഷം'
ഫിനാൻസുകാർ ദിനംപ്രതി പൈസയടക്കാൻ ആവശ്യപ്പെട്ട് വീടുകളിലെത്തിയാൽ എന്തുചെയ്യും. ലോക്ക് ഡൗണിന് മുന്‍പ് 20 ബസ് ഉണ്ടായിരുന്നു. പ്രതിസന്ധിയെ തുടർന്ന് 10 ബസുകൾ കിട്ടിയ വിലയ്ക്ക് വിൽക്കുകയായിരുന്നു. ബാക്കിയുള്ള പത്ത് ബസുകളിൽ മുന്നെണ്ണമാണ് ഇപ്പോൾ തൂക്കി വിൽക്കുന്നത്. മൂന്ന് ബസുകൾ തൂക്കി വിറ്റാൽ 15 ലക്ഷം രൂപയെങ്കിലും ലഭിക്കും.
ഇത് കൊണ്ട് തത്‌ക്കാലം പിടിച്ച് നിൽക്കാമെന്നാണ് കരുതുന്നത്. അധികൃതരുടെ ഭാഗത്ത് നിന്നും ഇതുവരെയും ഒരു പ്രതികരണവുമുണ്ടായിട്ടില്ല. ടൂറിസ്റ്റ് ബസുകളുടെ മേഖല നിലനിന്നാൽ സർക്കാറിന് തന്നെയാണ് ടാക്‌സ് ലഭിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഒരു വർഷത്തേക്ക് എങ്കിലും ടൂറിസ്റ്റ് ബസുകളുടെ നികുതി ഒഴിവാക്കി തരണമെന്നും റോയ്‌സണ്‍ സർക്കാറിനോട് ആവശ്യപ്പെടുന്നു.
ALSO READ:അമ്പലമുക്ക് കൊലപാതകം : വിനീതയെ കൊന്ന് രാജേന്ദ്രന്‍ കവര്‍ന്ന സ്വര്‍ണം ഉപയോഗിച്ചത് ഓണ്‍ലൈന്‍ ട്രേഡിങ്ങിന്