കൊച്ചിയില്‍ കൂടുതല്‍ ഇടങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും എറണാകുളം :ജില്ലയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൊച്ചി നഗരത്തില്‍ നിരീക്ഷണം ശക്തമാക്കാന്‍ കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ പൊലീസ്. സ്‌മാര്‍ട്ട് മിഷന്‍ ലിമിറ്റഡിന്‍റെ സഹകരണത്തോടെ കൊച്ചി കോര്‍പറേഷന്‍ പരിധിയില്‍ മാത്രം 400 ക്യാമറകള്‍ സ്ഥാപിക്കും. നഗരത്തില്‍ ഇതിനകം 141 സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു.
റസിഡൻസ് അസോസിയേഷനുകൾ സ്ഥാപിച്ചവ, അപ്പാർട്ടുമെൻ്റുകൾക്ക് പരിസരത്തുള്ളവ, വ്യാപാര സ്ഥാപനങ്ങളുടെ സിസിടിവികള്‍ എന്നിവയടക്കം പൊലീസ് കൺട്രോൾ റൂമുമായി ബന്ധിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ കെ സേതുരാമൻ അറിയിച്ചു. ഒരു മാസത്തിനകം ഇത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
സന്തോഷ് കൊലക്കേസിലെ പ്രതി അറസ്റ്റില്‍:എറണാകുളം സൗത്ത് കെ എസ് ആർ ടി സി സ്റ്റാൻഡിന് സമീപം യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പിടികൂടാനായെന്നും കമ്മിഷണര്‍ അറിയിച്ചു. പാലക്കാട് സ്വദേശിയായ സന്തോഷിനെ കൊലപ്പെടുത്തിയ കേസില്‍ തൃശൂര്‍ ഏലൂര്‍ പാടം സ്വദേശി ആഗ്നലാണ് (21) അറസ്റ്റിലായത്. തെളിവുകള്‍ അപൂര്‍വമായ കേസായതുകൊണ്ട് പ്രതിയെ കണ്ടെത്തുകയെന്നത് വെല്ലുവിളിയായിരുന്നെന്ന് കമ്മിഷണര്‍ പറഞ്ഞു.
കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ നിന്നാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. ഇയാള്‍ ജോലി ചെയ്‌തിരുന്ന ചിക്കമംഗളൂരിലെ റബ്ബര്‍ തോട്ടത്തില്‍ വേഷം മാറിയെത്തിയാണ് പൊലീസ് 21 കാരനെ വലയിലാക്കിയത്.
ഫെബ്രുവരി 3ന് പുലര്‍ച്ചെ 4.40 ഓടെയാണ് എറണാകുളം കെഎസ്ആർടിസി സ്റ്റാന്‍ഡിന് സമീപം സന്തോഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തെളിവുകള്‍ ഇല്ലാതിരുന്ന കേസില്‍ ഡിസിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. സ്റ്റേഡിയത്തിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു അന്വേഷണം.
സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഇയാളെ തിരിച്ചറിഞ്ഞ അന്വേഷണ സംഘം തൃശൂരിലെ ആഗ്നലിന്‍റെ വീട്ടിലെത്തിയെങ്കിലും ഇയാള്‍ ബെംഗളൂരുവിലേക്ക് രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് സംഘം നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ചിക്കമംഗളൂരിലേക്ക് കടന്നതായി വിവരം ലഭിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി അറസ്റ്റിലായത്.
also read:'സംസ്ഥാനത്തെ മുഴുവന്‍ ബസുകളിലും നിരീക്ഷണ കാമറ സ്ഥാപിക്കും': ആന്‍റണി രാജു
കൊലപാതകത്തിന് ഉപയോഗിച്ച കത്തി ഇയാളുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെത്തി. ആഗ്‌നല്‍ കുറ്റം സമ്മതിച്ചതായി പൊലീസ് കമ്മിഷണര്‍ അറിയിച്ചു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കമ്മിഷണര്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ അടക്കം ചോദ്യം ചെയ്‌തിരുന്നു.
ഒടുക്കം പിടികിട്ടാപ്പുള്ളിയും അകത്തായി:കഴിഞ്ഞ ദിവസം കൊച്ചിയില്‍ പൊലീസ് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ ആന്ധ്ര പ്രദേശ് സ്വദേശിയായ പ്രകാശ് കുമാര്‍ സാഹു എന്ന പിടികിട്ടാപ്പുള്ളിയും അറസ്റ്റിലായി. നിലവില്‍ നാല് സംസ്ഥാനങ്ങളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്. കൂടാതെ എറണാകുളം, കൊല്ലം ആലപ്പുഴ ജില്ലകളിലും പരാതികളുണ്ട്. മോഷണ ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലായതെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ പറഞ്ഞു.
ബസുകളിലും ക്യാമറ സ്ഥാപിക്കണം:ഡ്രൈവിങ് നിയമ ലംഘനവും ബസിലെ കുറ്റകൃത്യവും തടയുന്നതിനായി സംസ്ഥാനത്തെ കെഎസ്‌ആര്‍ടിസി അടക്കമുള്ള മുഴുവന്‍ ബസുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞിരുന്നു. വാഹന അപകടങ്ങളുടെ കാരണം കൃത്യമായി മനസിലാക്കാന്‍ ഇതിലൂടെ സാധിക്കും. നിയമം ലംഘിക്കുന്ന ജീവനക്കാരുടെ ലൈസന്‍സ് റദ്ദാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് ഗതാഗത വകുപ്പിന്‍റെ വിലയിരുത്തല്‍.