എറണാകുളം:കൂടുതൽ സ്‌മാർട്ടാകാൻ ഒരുങ്ങി കൊച്ചിയിൽ പൊലീസ്. ലഹരി മാഫിയ പ്രവർത്തനങ്ങളും സൈബർ അതിക്രമങ്ങളുമടക്കമുള്ള കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ആധുനിക സംവിധാനങ്ങളുമായി പൊലീസ് രംഗത്തെത്തുന്നത്. സൈബർ ഡോം, സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ, ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷൻ, റീജനൽ ഫൊറൻസിക് സയൻസ് ലബോറട്ടറി എന്നിവയും അപ്പർ സബോർഡിനേറ്റ് ക്വാർട്ടേഴ്സ്, ലോവർ സബോർഡിനേറ്റ് ക്വാർട്ടേഴ്സ് എന്നിവയും ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ ഐ.പി.എസ് അറിയിച്ചു. വ്യാപകമാകുന്ന ലഹരി മാഫിയക്ക് കുരുക്കിടാൻ പൊലീസിന്‍റെ വാട്സാപ്പുമായി ബന്ധപ്പെടുത്തി പ്രവർത്തിക്കുന്ന യോദ്ധാവ് മൊബൈൽ ആപ്പിന്‍റെ ലോഞ്ചിങും ശനിയാഴ്ച നടക്കും.
സുരക്ഷക്കായി ആധുനിക സംവിധാനങ്ങളുമായി കൊച്ചി പൊലീസ് - Kochi police
വ്യാപകമാകുന്ന ലഹരി മാഫിയക്ക് കുരുക്കിടാൻ പൊലീസിന്‍റെ വാട്സാപ്പുമായി ബന്ധപ്പെടുത്തി പ്രവർത്തിക്കുന്ന യോദ്ധാവ് മൊബൈൽ ആപ്പിന്‍റെ ലോഞ്ചിങും ശനിയാഴ്ച നടക്കും
പൊലീസ് നൽകുന്ന പ്രത്യേക വാട്സാപ്പ് നമ്പറിലേക്ക് മെസേജ് വഴി വിവരങ്ങൾ കൈമാറാം. ലഹരി ഉപയോഗം സംബന്ധിച്ചതോ മാഫിയ പ്രവർത്തനങ്ങളെക്കുറിച്ചുള്ളതോ ആയ വിവരങ്ങൾ ടെക്സ്റ്റ് മെസേജ്, വോയിസ് മെസേജ്, വീഡിയോ, ചിത്രങ്ങൾ എന്നിങ്ങനെ ഏത് രൂപത്തിലും അയക്കാം. ഇത് യോദ്ധാവ് ആപ്പ് സ്വീകരിക്കുകയും ഉദ്യോഗസ്ഥർ പരിശോധിക്കുകയും ചെയ്യും. കേരളത്തിന്‍റെ ഏത് ഭാഗത്ത് നിന്നുമുള്ള വിവരങ്ങൾ ഇത്തരത്തിൽ പൊലീസിന് കൈമാറാനാകുമെന്നും അയക്കുന്നവരെക്കുറിച്ചുള്ള വ്യക്തിഗത വിവരങ്ങൾ രഹസ്യമായിരിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാഖറെ പറഞ്ഞു. വിവരസാങ്കേതിക വിദ്യയുടെ വളർച്ച കുറ്റകൃത്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നവരെ പിടികൂടുന്നതിന് സദാ തുറന്നിരിക്കുന്ന സൈബർ കണ്ണുകളാണ് ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിലുണ്ടാവുക. സമീപകാലത്ത് സൈബർ കുറ്റകൃത്യങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് ഇസൈബർഡോം സേവനം യാഥാർഥ്യമാക്കുന്നത്.
ചെറിയ കുട്ടികൾ ഉൾപ്പെടെ ഇരയാക്കപ്പെടുകയും കുറ്റകൃത്യങ്ങളിലേർപ്പെടുകയും ചെയ്യുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇൻറർനെറ്റും സാമൂഹ്യമാധ്യമങ്ങളും നിരീക്ഷിച്ച് കുറ്റകൃത്യങ്ങൾ കണ്ടെത്തി വേണ്ട നടപടികളെടുക്കുകയാണ് ഇവിടെയുള്ള ഉദ്യോഗസ്ഥർ ചെയ്യുക. വിദഗ്‌ധരുടെ മേൽനോട്ടത്തിൽ ഇതിനെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയും ഗവേഷണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യും. നിയമസംവിധാനങ്ങൾ, സൈബർ- സാങ്കേതിക വിദഗ്‌ധർ, എത്തിക്കൽ ഹാക്കർമാർ എന്നിവരുടെ സേവനം ഇവിടെയുണ്ടാകും. ഇന്‍റർനെറ്റ്, സാമൂഹ്യമാധ്യമങ്ങൾ തുടങ്ങിയവ ഉപയോഗപ്പെടുത്തിയുള്ള കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സൈബർ ക്രൈം പൊലിസ് സ്റ്റേഷനും ശനിയാഴ്‌ച ഉദ്ഘാടനം ചെയ്യുന്നുണ്ട്.