കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസ് കൊച്ചിയിലെ എൻ.ഐ.എ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രതികൾക്കെതിരായ എൻ.ഐ.എയുടെ കസ്റ്റഡി അപേക്ഷയാണ് ഇന്ന് പരിഗണിക്കുന്നത്. പ്രതികളായ അലൻ ശുഹൈബിനെയും താഹാ ഫസലിനെയും വിശദമായ ചോദ്യം ചെയ്യലിനായി ഏഴ് ദിവസം കസ്റ്റഡിയിൽ വിട്ട് നൽകണമെന്നാണ് എൻ.ഐ.എയുടെ ആവശ്യം. പ്രതികളുടെ റിമാൻഡ് കാലാവധി എൻ.ഐ.എ കോടതി അടുത്ത മാസം പതിനാല് വരെ നീട്ടിയിരുന്നു. പ്രതികളെ അതീവസുരക്ഷയിൽ ജയിലിൽ പാർപ്പിക്കാനും കോടതി നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് ഇരുവരെയും തൃശൂരിലെ അതിസുരക്ഷാ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.
യുഎപിഎ കേസ്; എൻ.ഐ.എ കോടതി ഇന്ന് വീണ്ടും പരിഗണിക്കും - thaha
അലൻ ശുഹൈബിനെയും താഹാ ഫസലിനെയും വിശദമായ ചോദ്യം ചെയ്യലിനായി ഏഴ് ദിവസം കസ്റ്റഡിയിൽ വിട്ട് നൽകണമെന്നാണ് എൻ.ഐ.എയുടെ ആവശ്യം.
രണ്ടാം പ്രതി കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിവരുന്ന ദന്തചികിത്സ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയാൽ മതിയെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്. കോഴിക്കോട് പന്തീരാങ്കാവ് പൊലീസാണ് പ്രതികൾക്കെതിരെ യുഎപിഎ വകുപ്പ് പ്രകാരം കേസെടുത്തത്. ഇതേതുടർന്ന് എൻ.ഐ.എ കേസ് സ്വമേധയാ ഏറ്റെടുക്കുകയായിരുന്നു. യുഎപിഎ ചുമത്തുന്ന കേസുകളിൽ ആവശ്യമെങ്കിൽ ദേശീയ അന്വേഷണ ഏജൻസിക്ക് കേസ് ഏറ്റെടുക്കാമെന്ന വകുപ്പ് പ്രകാരമാണ് എൻ.ഐ.എ കേസ് ഏറ്റെടുത്തത്. തിരുവണ്ണൂർ പാലാട്ട് നഗറിൽ അലൻ ഷുഹൈബ് നിയമ വിദ്യാർഥിയും ഒളവണ്ണയിലെ താഹാ ഫസൽ ജേർണലിസം വിദ്യാർഥിയുമാണ്. ഇവരിൽ നിന്നും മാവോയിസ്റ്റ് ലഘുലേഖകൾ പൊലീസ് പിടിച്ചെടുത്തിരുന്നു.