എറണാകുളം :കൊച്ചിയിൽ മോഡലിനെ വാഹനത്തിൽ വച്ച് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസിലെ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്‌തു. രാജസ്ഥാൻ സ്വദേശി ഡിംപിൾ ലാമ്പ, കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക് സുധാകരൻ, ടിആർ സുധീപ്, നിധിൻ മേഘനാഥൻ എന്നിവരെയാണ് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ പ്രതികളെ റിമാന്‍ഡ് ചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് പ്രതികളെ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.
സെക്‌സ് റാക്കറ്റുമായി ബന്ധമില്ലെന്ന് പൊലീസ്:മോഡലിനെ ബലാത്സംഗം ചെയ്‌ത കേസിൽ കൂടുതൽ പ്രതികളില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. സംഭവത്തിന് സെക്‌സ് റാക്കറ്റുമായി ബന്ധമില്ലന്നാണ് പൊലീസ് കണ്ടെത്തിയത്. മദ്യത്തിൽ മറ്റ് ലഹരിവസ്‌തുക്കൾ ചേർത്തെന്ന പരാതിക്കാരിയുടെ ആരോപണത്തിൽ ശാസ്ത്രീയമായ പരിശോധന ഫലം ലഭിച്ച ശേഷം മാത്രമേ വ്യക്തത വരികയുള്ളൂ.
കഴിഞ്ഞ അഞ്ച് ദിവസമായി കസ്റ്റഡിയിലുള്ള പ്രതികളെ പൊലീസ് വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു.
ALSO READ|കൊച്ചിയില്‍ മോഡലിനെ കൂട്ടബലാത്സംഗം ചെയ്‌ത സംഭവം: തെളിവെടുപ്പ് നടത്തി, പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരും
രവിപുരത്തെ ഫ്ലൈ ഹൈ ബാർ, ഹോട്ടലിലെ പാർക്കിങ് ഏരിയ, ഭക്ഷണം കഴിച്ച ഹോട്ടൽ, പീഡനത്തിനിരയാക്കിയ ഥാർ വാഹനം സഞ്ചരിച്ച നഗരത്തിലെ വഴികൾ, പീഡനത്തിന് ശേഷം മോഡലിനെ ഇറക്കിവിട്ട കാക്കനാട്ടെ ഹോസ്റ്റൽ പരിസരം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ പ്രതികളെ എത്തിച്ചായിരുന്നു തെളിവെടുപ്പ് നടത്തിയത്. പ്രതികളെ ബാർ ജീവനക്കാർ തിരിച്ചറിഞ്ഞിരുന്നു. പ്രതികളിൽ നിന്നും കേസുമായി ബന്ധപ്പെട്ട പ്രധാന തെളിവുകൾ ലഭിച്ചതായാണ് പൊലീസ് അറിയിച്ചത്. ഡിജെ പാർട്ടിയിൽ പങ്കെടുക്കാൻ സ്ത്രീ പങ്കാളികളെ എത്തിക്കാമെന്ന് ഡിംപിൾ മറ്റ് പ്രതികളെ അറിയിച്ചതായാണ് സൂചന.
പ്രതികള്‍ക്ക് മനുഷ്യക്കടത്തിലും ഗൂഢാലോചനയിലും പങ്ക്:മോഡലിനെ പീഡനത്തിനിരയാക്കിയ സംഭവത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചന നടന്നതായാണ് പൊലീസ് സംശയിക്കുന്നത്. പിടിയിലായ നാല് പ്രതികൾക്കും കൂട്ട ബലാത്സംഗം, മനുഷ്യക്കടത്ത്, ഗൂഢാലോചന തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പങ്കുള്ളതായാണ് പൊലീസ് കണ്ടെത്തിയത്. നവംബര്‍ 17ാം തിയതി അർധരാത്രിയായിരുന്നു കാസർകോട് സ്വദേശിയായ, കൊച്ചിയിൽ താമസമാക്കിയ യുവതി വാഹനത്തിൽ വച്ച് പീഡനത്തിനിരയായത്.
രാജസ്ഥാൻ സ്വദേശിയായ മോഡലിങ് രംഗത്തുള്ള ഡിംപിൾ എന്ന യുവതിയുടെ ക്ഷണപ്രകാരമാണ്, ബലാത്സംഗത്തിനിരയായ യുവതി തേവരയിലെ ബാറിൽ ഡിജെ പാർട്ടിക്കെത്തിയത്. ഡിംപിളിന്‍റെ മൂന്ന് ആൺ സുഹൃത്തുക്കളും ഇവരോടൊപ്പമുണ്ടായിരുന്നു. ബാറിലെത്തി മദ്യലഹരിയിലായ യുവതിയെ പ്രതികൾ താമസ സ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
'അന്വേഷണം ഹോട്ടലിനെതിരെയും':കേസുമായി ബന്ധപ്പെട്ട് ഹോട്ടലിനെതിരെ അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു നവംബര്‍ 22ന് അറിയിച്ചിരുന്നു. ഹോട്ടൽ ജീവനക്കാർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്ന് പരിശോധിക്കും. മദ്യത്തിൽ ലഹരി വസ്‌തുക്കൾ ചേർത്തിരുന്നതായി സംശയിക്കുന്നതായുളള പരാതിയിൽ ശാസ്ത്രീമായ അന്വേഷണം നടക്കുന്നുണ്ട്. പരിശോധനാഫലം ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കും. പ്രതികളിലൊരാൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട്.
ആയുധങ്ങൾ പിടികൂടിയ സംഭവത്തിൽ പ്രതിയാണ് ഇയാൾ. പരാതിക്കാരിയെ അന്വേഷണം സംബന്ധിച്ച കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. പരാതിക്കാരി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും കമ്മിഷണർ 22ാം തിയതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.