എറണാകുളം:കൊച്ചി മെട്രോ സർവീസ് സെപ്റ്റംബർ ഏഴു മുതൽ പുനഃരാരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി കെ.എം.ആർ.എൽ. അൺലോക്ക് നാലിന്‍റെ ഭാഗമായി അഞ്ചര മാസത്തിന് ശേഷമാണ് കൊച്ചി മെട്രോ സർവീസ് വീണ്ടും തുടങ്ങുന്നത്. ആദ്യ രണ്ട് ദിവസം രാവിലെ ഏഴ് മണി മുതൽ രാത്രി എട്ടു മണിവരെ പത്തു മിനിറ്റ് ഇടവേളയിലാണ് സർവീസ് നടത്തുക. ഈ രണ്ടു ദിവസങ്ങളിലും ഉച്ചയ്ക്ക് ഒരു മണി മുതൽ രണ്ട് മണി വരെ സർവീസ് ഉണ്ടാവില്ല. ഒമ്പതാം തീയതി മുതൽ രാവിലെ ഏഴു മണി മുതൽ രാത്രി ഒമ്പത് മണി വരെ പത്തു മിനിറ്റ് ഇടവേളയിലാണ് സർവീസ്. ഉച്ചയ്ക്ക് പന്ത്രണ്ടു മുതൽ രണ്ട് മണി വരെ ഇരുപത് മിനിറ്റ് ഇടവേളകളിലായിരിക്കും മേട്രോ ഓടുക. ഞായറാഴ്ചകളിൽ രാവിലെ എട്ടു മുതലാണ് സർവീസ് തുടങ്ങുന്നത്. ആലുവയിൽനിന്നും തൈക്കുടത്തുനിന്നുമുള്ള അവസാന ട്രിപ്പ് രാത്രി ഒമ്പത് മണിക്ക് പുറപ്പെടും.കൊവിഡ് പ്രതിരോധത്തിനുള്ള മുൻകരുതലുകൾ പൂർണമായും സ്വീകരിച്ചാണ് സർവീസ് പുനരാംരംഭിക്കുന്നതെന്ന് ഓപ്പറേഷൻസ് ജനറൽ മേനേജർ മണികണ്ഠൻ പറഞ്ഞു.
കൊച്ചി മെട്രോ സർവീസ് സെപ്റ്റംബർ ഏഴു മുതൽ പുനഃരാരംഭിക്കും
ആദ്യ രണ്ട് ദിവസം രാവിലെ ഏഴ് മണി മുതൽ രാത്രി എട്ടു മണിവരെ പത്തു മിനിറ്റ് ഇടവേളയിലാണ് സർവീസ് നടത്തുക.
ആശങ്കയില്ലാതെ യാത്രക്കാർക്ക് മെട്രോയിൽ യാത്ര ചെയ്യാം. ഒരോ ട്രിപ്പിന് ശേഷവും ട്രെയിൽ അണുവിമുക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ശരീരത്തിന്‍റെ താപനില പരിശോധിച്ചാണ് യാത്രക്കാരെ മെട്രോ സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കുക. കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചായിരിക്കും യാത്രക്കാരെ അനുവദിക്കുക. സാമൂഹിക അകലം പാലിച്ച് യാത്രക്കാർക്ക് ഇരിക്കുന്നതിനുള്ള സ്ഥലങ്ങൾ മെട്രോയ്ക്ക് അകത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ സ്റ്റേഷനിലും ഇരുപത് സെക്കൻഡ് വീതം നിർത്തിയിട്ട് വായുസഞ്ചാരം ഉറപ്പാക്കും. നേരത്തെ രാവിലെ ആറുമുതൽ രാത്രി പത്തുമണിവരെയായിരുന്നു മെട്രോ ഓടിയിരുന്നത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 23 മുതലാണ് മെട്രോ സര്‍വീസ് നിര്‍ത്തി വച്ചത്.