എറണാകുളം: കൊച്ചി മെട്രോ റെയിൽ രണ്ടാം ഘട്ടത്തിന്‍റെ പ്രാരംഭ നടപടികളുടെ ഭാഗമായുള്ള ഡ്രോൺ സർവ്വേ ആരംഭിച്ചു. ജവഹർലാൽ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷൻ മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെ കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പദ്ധതിയുടെ പാതയിലാണ് ഡ്രോൺ സർവേ നടക്കുന്നത്. മെട്രോ അലൈൻമെന്‍റിന്‍റെ സൂക്ഷ്‌മ ക്രമീകരണത്തിനായാണ് പ്രധാനമായും സർവേ നടത്തുന്നത്.
മെട്രോയുടെ രണ്ടാം ഘട്ടം കടന്നുപോകുന്ന മേഖലകളിലെ ഭൂപ്രകൃതിയിൽ കഴിഞ്ഞ ഏതാനും നാളുകളായി വന്നിരിക്കുന്ന മാറ്റങ്ങൾ മനസ്സിലാക്കുകയാണ് സർവേയുടെ ലക്ഷ്യം. രണ്ടാം ഘട്ടത്തിലുളള നോൺ മോട്ടോറൈസ്‌ഡ് ട്രാൻസ്പോട്ട് പദ്ധതികളും ഫസ്റ്റ് ആൻഡ് ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി പദ്ധതികളും തയ്യാറാക്കുന്നതിനായി സർവ്വേ സഹായകരമാകും. കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് കഴിഞ്ഞയാഴ്ച്ച കേന്ദ്ര സർക്കാറിന്‍റെ അംഗീകാരം ലഭിച്ചിരുന്നു.