എറണാകുളം: കൊച്ചി മെട്രോ (Kochi Metro) ആദ്യമായി പ്രവർത്തന ലാഭത്തിൽ (Kochi Metro in operating profit). 2022-23 സാമ്പത്തിക വർഷത്തിലാണ് നേട്ടം കൈവരിച്ചതെന്ന് കെഎംആർഎൽ (KMRL) അറിയിച്ചു. ആദ്യമായാണ് ഓപ്പറേഷണൽ പ്രോഫിറ്റായതെന്നും മെട്രോ മാനേജ്‌മെന്‍റ് വ്യക്തമാക്കി.
തുടർച്ചയായ പരിശ്രമത്തിലൂടെ ഓപ്പറേഷണല്‍ ലോസ് ഇല്ലാതാക്കാനും, ആദ്യമായി 5.35 കോടി രൂപ ഓപ്പറേഷണൽ പ്രോഫിറ്റ് നേടാനും 2022-23 സാമ്പത്തിക വർഷത്തിൽ കൊച്ചി മെട്രോയ്ക്ക് സാധിച്ചു. പ്രവർത്തനമാരംഭിച്ച് ചുരുങ്ങിയ കാലത്തിനുള്ളിൽ ഓപ്പറേഷണൽ ലാഭത്തിലെത്താൻ സാധിച്ചുവെന്നത് അഭിമാനാർഹമായ നേട്ടമാണ്. ഈ നേട്ടത്തിൽ കെഎംആർഎല്ലിനെ ബോർഡ് അംഗങ്ങളും അഭിനന്ദിച്ചു.
നേരത്തെ, 2020-21 സാമ്പത്തിക വർഷത്തിൽ 56.56 കോടി രൂപയിൽ നിന്ന് 2021-2022 ൽ ഓപ്പറേഷൽ ലോസ് 34.94 കോടി രൂപയിലേക്ക് കുറയ്ക്കാൻ കെഎംആർഎല്ലിന് സാധിച്ചിരുന്നു. സംസ്ഥാനത്തിന്‍റെ പൊതുഗതാഗത രംഗത്ത് വലിയ പ്രതീക്ഷയായി കൊച്ചി മെട്രോ 2017 ജൂണിലായിരുന്നു സർവീസ് ആരംഭിച്ചത്. കൊച്ചി മെട്രോ ആരംഭിച്ച 2017 ജൂണിൽ 59,894 ആളുകളാണ് മെട്രോയിൽ യാത്ര ചെയ്‌തത്.
2017 ആഗസ്റ്റ് മാസം അത് 32,603 ആയി കുറഞ്ഞെങ്കിലും ഡിസംബറിൽ യാത്രികരുടെ എണ്ണം 52,254 ആയി ഉയർന്നു. 2021ല്‍ കൊവിഡ് കാലത്ത് യാത്രക്കാരുടെ എണ്ണം 5,300 ആയിരുന്നു. അതേവര്‍ഷം ജൂലൈയോടെ ഇത് 12,000 ആയിട്ടാണ് ഉയര്‍ന്നത്. പിന്നീട് കെഎംആർഎല്ലിലെ വിവിധ വിഭാഗങ്ങളുടെ തുടർച്ചയായ പരിശ്രമം കൊണ്ടും വിവിധ പ്രചരണ പരിപാടികളിലൂടെയും ഓഫറുകളിലൂടെയുമാണ് കൊച്ചി മെട്രോ യാത്രക്കാരെ ആകര്‍ഷിച്ചത്.
2022 സെപ്‌റ്റംബര്‍ - നവംബര്‍ മാസങ്ങള്‍ക്കിടെ ശരാശരി യാത്രക്കാരുടെ എണ്ണം 75,000 കടന്നിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ഇത് 80,000 കടക്കുകയും പിന്നീട് ക്രമേണ ഉയര്‍ന്ന് ഒരു ലക്ഷത്തിലധികം യാത്രക്കാരിലേക്ക് എത്തുകയുമായിരുന്നു. അതേസമയം, യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധന ഫെയര്‍ ബോക്‌സ് വരുമാനം ഉയരുന്നതിനും സഹായിച്ചിരുന്നു.
കൊവിഡ് ആഘാതമേല്‍പ്പിച്ച 2020-21 കാലത്ത് 12.90 കോടിയായിരുന്നു മെട്രോയുടെ ഫെയര്‍ ബോക്‌സ് വരുമാനം. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 75.49 കോടിയിലേക്കാണ് ഉയര്‍ന്നത്. 2020-21 സാമ്പത്തിക വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 485 ശതമാനം വര്‍ധനവാണിത്.