എറണാകുളം:കൊച്ചി മെട്രോയുടെ പുതിയ പാത തുറന്നുകൊടുക്കുന്നതിന്‍റെ ഭാഗമായി റെയില്‍ സുരക്ഷ കമ്മിഷണറുടെ നേതൃത്വത്തില്‍ പരിശോധന തുടരുന്നു. പേട്ടയില്‍ നിന്ന് എസ്.എന്‍ ജംങ്‌ഷന്‍ വരെയാണ് പുതിയ പാത. വ്യാഴാഴ്‌ച ആരംഭിച്ച സുരക്ഷ പരിശോധനയാണ് വെള്ളിയാഴ്‌ചയും തുടരുന്നത്.
കൊച്ചി മെട്രോയുടെ പുതിയ പാത തുറന്നുകൊടുക്കുന്നതിന്‍റെ ഭാഗമായി റെയില്‍ സുരക്ഷ കമ്മിഷണറുടെ നേതൃത്വത്തില്‍ പരിശോധന 1.8 കിലോമീറ്റര്‍ നീളത്തിലുള്ള പുതിയ പാതയിലെ ബെയറിങ്, പിയര്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പുതിയ പാതയിലൂടെ ട്രെയിന്‍ ഓടിച്ചുനോക്കിയുള്ള പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്. വടക്കേകോട്ട, എസ്.എന്‍ ജംങ്‌ഷന്‍ എന്നി സ്റ്റേഷനുകളിലെ എസ്‌കലേറ്റര്‍, സിഗ്‌നലിങ് സംവിധാനങ്ങള്‍, സ്റ്റേഷന്‍ കണ്‍ട്രോള്‍ റൂം, സ്റ്റേഷനുകളിലും പ്ലാറ്റ്‌ഫോമുകളിലും യാത്രക്കാര്‍ക്കായി ഒരുക്കിയ സൗകര്യങ്ങള്‍ തുടങ്ങിയവ വ്യാഴാഴ്‌ച പരിശോധിച്ചിരുന്നു.
പരിശോധനയില്‍ ഉന്നത ഉദ്യോഗസ്ഥ സംഘം:ഫയര്‍ സേഫ്റ്റി ഉപകരണങ്ങള്‍, സ്റ്റേഷന്‍ കണ്‍ട്രോള്‍ റൂമിലെ സാങ്കേതിക സംവിധാനങ്ങള്‍ തുടങ്ങിയവയും പരിശോധനയ്ക്ക് വിധേയമാക്കി. പാതയില്‍ ട്രോളി ഉപയോഗിച്ച് യാത്ര നടത്തിയുള്ള പരിശോധന വ്യാഴാഴ്‌ച പൂര്‍ത്തിയാക്കിയിരുന്നു. മെട്രോ റെയില്‍ സേഫ്റ്റി കമ്മിഷണര്‍ അഭയ് കുമാര്‍ റായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.
കെ.എം.ആര്‍.എല്‍ ഡയറകടര്‍ സിസ്റ്റംസ് ഡി.കെ സിന്‍ഹയുടെ നേതൃത്വത്തിലുള്ള കൊച്ചി മെട്രോയുടെ ഉന്നത ഉദ്യോഗസ്ഥ സംഘവും പരിശോധനയ്‌ക്ക് ഒപ്പമുണ്ട്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത് നിര്‍മിക്കുന്ന ആദ്യ പാതയാണ് പേട്ട മുതല്‍ എസ്.എന്‍ ജംങ്‌ഷന്‍ വരെയുള്ളത്. 2019 ഒക്ടോബറിലാണ് ഈ പാത നിര്‍മാണം ആരംഭിച്ചത്. കൊവിഡിനെ തുടർന്നാണ് നിർമാണം വൈകിയത്. 453 കോടിയാണ് മൊത്തം നിര്‍മാണ ചെലവ്.