എറണാകുളം:വിദ്യാർഥികൾക്കായി പുതിയ രണ്ട് യാത്രാപാസുകൾ പുറത്തിറക്കി കൊച്ചി മെട്രോ. 50 രൂപയുടെ ഡേ പാസും 1000 രൂപയുടെ പ്രതിമാസ പാസുമാണ് കൊച്ചി മെട്രോ പുറത്തിറക്കിയത്. വിദ്യാർഥികളുടെയും പൊതുജനങ്ങളുടെയും ആവശ്യം പരിഗണിച്ചാണ് പുതിയ പാസുകൾ പുറത്തിറക്കുന്നതെന്ന് കെ.എം.ആർ.എൽ അധികൃതർ പറയുന്നു.
ഡേ പാസ് ഉപയോഗിച്ച് 50 രൂപയ്‌ക്ക് ഒരു ദിവസം ഏത് ദൂരവും എത്ര തവണ വേണമെങ്കിലും വിദ്യാർഥികൾക്ക് സഞ്ചരിക്കാം. 1000 രൂപയുടെ പ്രതിമാസ പാസ് ഉപയോഗിച്ച് ഒരു മാസം ഏത് ദൂരവും എത്ര തവണ വേണമെങ്കിലും സഞ്ചരിക്കാൻ കഴിയും. കാലാവധി കഴിഞ്ഞാൽ മെട്രോ സ്റ്റേഷൻ ടിക്കറ്റ് കൗണ്ടറില്‍ എത്തി കാർഡുകൾ റീചാർജ് ചെയ്‌ത് ഉപയോഗിക്കാം.
സ്‌കൂൾ/കോളജ് നൽകിയിരിക്കുന്ന ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡ് കാണിച്ച് വിദ്യാർഥികൾക്ക് ജൂലൈ 25 മുതൽ പാസുകൾ വാങ്ങാമെന്ന് കെഎംആർഎൽ അറിയിച്ചു. ഇതോടെ കൊച്ചി മെട്രോയിൽ യാത്ര ചെയ്യുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് പ്രതീക്ഷിക്കുന്നത്.
'പത്തടിപ്പാലത്തെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കും':പത്തടിപ്പാലത്തെ റോഡിന്‍റെ പുനരുദ്ധാരണം ഉടൻ പൂർത്തിയാക്കുമെന്ന് കെ.എം.ആർ.എൽ അറിയിച്ചു. 347-ാം നമ്പർ പില്ലറിന് സമീപമുള്ള റോഡിന്‍റെ പുനരുദ്ധാരണ പ്രവർത്തനങ്ങളാണ് പൂർത്തിയാക്കുക. ഗ്രൗണ്ട് പൈൽ ക്യാപ് പണി പൂർത്തിയായി.
നിലവിലെ പ്രതികൂല കാലാവസ്ഥ കാരണമാണ് റോഡ് നവീകരണ പ്രവർത്തനങ്ങൾ വൈകിയത്. കനത്ത വേനൽമഴയും കാലവർഷവും റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ സുഗമമായ പുരോഗതിയെ ബാധിച്ചു. പണികൾ എത്രയും വേഗം പൂർത്തിയാക്കി തടസമില്ലാത്ത യാത്രയ്‌ക്കായി ബാരിക്കേഡുകൾ നീക്കും. ഗതാഗത തടസങ്ങൾ ഒഴിവാക്കാൻ സിറ്റി പൊലീസിനോട് ആവശ്യപ്പെട്ടതായും കെ.എം.ആർ.എൽ അറിയിച്ചു.