എറണാകുളം:കൊച്ചി മെട്രോയുടെ അഞ്ചാം വാർഷിക ദിനമായ ഇന്ന് വിപുലമായ ആഘോഷ പരിപാടികളുമായി കെ.എം.ആർ.എൽ. കേരള മെട്രോ ദിനമായും വെള്ളിയാഴ്‌ച ആചരിക്കും. ഇന്ന് ഏത് സ്‌റ്റേഷനിലേക്കും അഞ്ച് രൂപ നിരക്കിൽ യാത്ര ചെയ്യാനും കൊച്ചി മെട്രോ അവസരമൊരുക്കിയിട്ടുണ്ട്.
കൊച്ചി മെട്രോയ്ക്ക് അഞ്ച് വയസ്; ഇന്ന് 5 രൂപയ്ക്ക് യാത്ര ചെയ്യാം, വിവിധ പരിപാടികള്‍ - കൊച്ചി മെട്രോ വാർഷികം
ഇന്ന് കേരള മെട്രോ ദിനമായും ആചരിക്കും
മുട്ടത്തെ ഓപ്പറേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ സെന്‍ററിൽ വെള്ളിയാഴ്‌ച രാവിലെ എട്ട് മണിക്ക് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്‌ടർ ലോക്‌നാഥ് ബെഹ്റ പതാക ഉയര്‍ത്തുന്നതോടെ ആഘോഷ പരിപാടികള്‍ ആരംഭിക്കും. രാവിലെ 11ന് കൊച്ചി മെട്രോയിലെ മുൻ ജീവനക്കാരുടെയും ഇപ്പോഴത്തെ ജീവനക്കാരുടെയും സംഗമം നടക്കും.
ഉച്ചയ്ക്ക് 2.30ന് സെന്‍റർ ഫോര്‍ എം പവര്‍മെന്‍റ് ആന്‍റ് എൻട്രിച്ചമെന്‍റ് ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ മെട്രോ ട്രെയിന്‍ യാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. മെട്രോയുടെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ജൂണ്‍ ഒന്നിന് ആരംഭിച്ച കൊച്ചി മെട്രോ മെഗാ ഇവൻന്‍റിന്‍റെ ഭാഗമായി വിവിധ സ്റ്റേഷനുകളില്‍ വിപുലമായ പരിപാടികളാണ് ഇന്ന് സംഘടിപ്പിച്ചിരിക്കുന്നത്.