എറണാകുളം : ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ISL 2023-24 Inaugural Match) മത്സരം നേട്ടമാക്കി കൊച്ചി മെട്രോ (Kochi Metro). മത്സരം നടന്ന ഇന്നലെ മെട്രോയിൽ യാത്ര ചെയ്‌തത് 127,828 പേരാണെന്ന് കെഎംആർഎൽ (KMRL) അറിയിച്ചു. കൊച്ചി മെട്രോയ്‌ക്ക് ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് വരുമാനമാണ് ഐഎസ്എല്‍ പത്താം പതിപ്പ് ഉദ്ഘാടന ദിനത്തില്‍ ലഭിച്ചത്.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സ്, ബെംഗളൂരു എഫ്‌സി മത്സരം കാണാനെത്താന്‍ ആരാധകര്‍ തെരഞ്ഞെടുത്തത് കൊച്ചി മെട്രോയെയാണ്. ഇതോടെയാണ് ഒറ്റദിവസം മാത്രം മെട്രോ സൗകര്യം പ്രയോജനപ്പെടുത്തിയവരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം കടന്നതും. അതേസമയം, നഗരത്തിലൂടെയുള്ള യാത്രകള്‍ക്കായി കൂടുതല്‍ പേര്‍ കൊച്ചി മെട്രോയെ ആശ്രയിക്കുന്നതിനെ കെഎംആര്‍എല്‍ സ്വാഗതം ചെയ്‌തു.
ഈ വര്‍ഷം ഇതുവരെ 24 പ്രാവശ്യമാണ് കൊച്ചി മെട്രോയിലെ പ്രതിദിന യാത്രികരുടെ എണ്ണം ഒരുലക്ഷം കടക്കുന്നത്. സെപ്‌റ്റംബര്‍ മാസത്തില്‍ മാത്രം ദൈനംദിനം ശരാശരി 91,742 പേര്‍ മെട്രോയെ ആശ്രയിക്കുന്നുണ്ടെന്നാണ് പുറത്തുവന്ന കണക്കുകള്‍.
ഐഎസ്എല്‍ മത്സരത്തിന്‍റെ ഭാഗമായി 30 അധിക സര്‍വീസുകളായിരുന്നു കഴിഞ്ഞ ദിവസം കൊച്ചി മെട്രോ സജ്ജമാക്കിയത്. മെട്രോ സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടി പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിരുന്നു. കൊച്ചി മെട്രോയുടെ തന്നെ പേ ആന്‍ഡ് പാര്‍ക്ക് സംവിധാനവും കഴിഞ്ഞ ദിവസം മികച്ച രീതിയിലാണ് ഉപയോഗിക്കപ്പെട്ടത്.