'മെറി മെട്രോ 2023'ന് മെഗാ കരോൾ ഗാന മത്സരത്തോടെ തുടക്കം എറണാകുളം: കൊച്ചി മെട്രോയിലെ ക്രിസ്‌മസ് ആഘോഷമായ മെറി മെട്രോ 2023ന് മെഗാ കരോൾ ഗാന മത്സരത്തോടെ തുടക്കമായി. വൈറ്റില മെട്രോ സ്റ്റേഷനിലായിരുന്നു പതിമൂന്ന് ടീമുകൾ മാറ്റുരച്ച കരോൾ ഗാന മത്സരം നടന്നത്. കരോൾ ഗാന മത്സരത്തിൽ എ ആർ ബാൻഡ് കൊച്ചിൻ ഒന്നാം സമ്മാനം കരസ്ഥമാക്കി.
സെന്‍റ് മേരീസ് ചർച്ച്, കൽപ്പറമ്പ്, സെന്‍റ് സെബാസ്റ്റ്യൻസ് ചർച്ച്, തോപ്പുംപടി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. ക്രിസ്‌മസ് ആഘോഷമാക്കാൻ നിരവധി മത്സരങ്ങളാണ് ഇത്തവണയും കൊച്ചി മെട്രോ സംഘടിപ്പിച്ചത്. ഡിസംബർ 18 മുതൽ 25 വരെയാണ് ആഘോഷ പരിപാടികൾ.
മെഗാ കരോൾ ഗാന മത്സരം, പുൽക്കൂട് നിർമാണ മത്സരം, ക്രിസ്‌മസ് ട്രീ അലങ്കാര മത്സരം എന്നീ മത്സരങ്ങളാണ് വിവിധ മെട്രോ സ്റ്റേഷനുകളിൽ നടക്കുക. മെഗാ കരോൾ ഗാന മത്സരമായിരുന്നു പ്രധാന മത്സരം. എറണാകുളം ജോസ് ജങ്ഷനിലുള്ള കൊച്ചി മെട്രോയുടെ ഓപ്പൺ എയർ തിയറ്ററിലായിരുന്നു മത്സരം തീരുമാനിച്ചത്.
കാലാവസ്ഥ പ്രതികൂലമായതോടെയാണ് മത്സരം വൈറ്റില മെട്രോ സ്റ്റേഷനിലേക്ക് മാറ്റിയത്. കരോൾ ഗാന മത്സരത്തിലെ ജേതാവിന് ഡോണറ്റ് ഫാക്‌ടറി നൽകുന്ന 50,000 രൂപയാണ് സമ്മാനം. രണ്ടാം സ്ഥാനത്ത് എത്തുന്ന സംഘത്തിന് കീർത്തി നിർമൽ നൽകുന്ന 25,000 രൂപ ക്യാഷ് പ്രൈസും മൂന്നാം സ്ഥാനക്കാർക്ക് എഥർ ഓട്ടോസ്റ്റാർക്ക് എനർജി നൽകുന്ന 10,000 രൂപ ക്യാഷ് പ്രൈസുമാണ് ലഭിച്ചത്.
ഗ്രീറ്റ്സ് പബ്ലിക് സ്‌കൂളിലെ വിദ്യാർഥികളുടെ ബാൻഡ് മേളവും മത്സരത്തിന് മുന്നോടിയായി അരങ്ങേറി. ഡിസംബർ 20ന് വിവിധ മെട്രോ സ്റ്റേഷനുകളിൽ പുൽക്കൂട് നിർമ്മാണ മത്സരവും ക്രിസ്‌മസ് ട്രീ അലങ്കാര മത്സരവും നടക്കും. 5000, 3000, 2000 രൂപ വീതമുള്ള ക്യാഷ് പ്രൈസുകളാണ് ഇരു മത്സരങ്ങളിലെയും ആദ്യ മൂന്ന് വിജയികൾക്ക് ലഭിക്കുക.
ഇന്ന് മുതൽ ക്രിസ്‌മസ് ദിനം വരെ കൊച്ചി മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് മെട്രോ സാന്‍റയെ കണ്ടുമുട്ടുവാനും ക്രിസ്‌മസ് സമ്മാനം നേടാനും അവസരമുണ്ട്.