എറണാകുളം : ക്രിസ്‌മസിന്‍റെ വരവ് അറിയിച്ച് കൊച്ചി മെട്രോയിൽ പുൽക്കൂടുകളൊരുങ്ങി. നഗര ജീവിതത്തിന്റെ തിരക്കിനിടയിൽ യാത്രക്കാർക്ക് ക്രിസ്മസ് ഓർമ സമ്മാനിച്ചാണ് മെട്രോ സ്റ്റേഷനുകളിൽ പുൽക്കൂടുകൾ സജ്ജമാക്കിയത്. കൊച്ചി മെട്രോ ഫ്രോസ്റ്റി ഫെസ്റ്റിലെ പുൽക്കൂട് നിർമാണ മത്സരത്തിന്‍റെ ഭാഗമായാണ് മെട്രോ സ്റ്റേഷനുകളിലും ഇവ നിർമ്മിച്ചത്.
അഞ്ച് ടീമുകളാണ് പുൽക്കൂട് മത്സരത്തിൽ പങ്കെടുത്തത്. പരിസ്ഥിതി സൗഹൃദ വസ്തുക്കൾ കൊണ്ട് ക്രിസ്തുവിന്‍റെ ജനന സ്ഥലം തനിമ ചോരാതെ സജ്ജമാക്കി ടീമുകൾ മികച്ച മത്സരം കാഴ്ച്ചവച്ചു. മൂന്ന് മണിക്കൂറിനുള്ളിൽ പരമാവധി ഒരു മീറ്റർ നീളത്തിലും വീതിയിലുമാണ് മത്സരാർഥികൾ പുൽക്കൂടൊരുക്കിയത്.മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് യഥാക്രമം 8000,5000,3000 രൂപ വീതം സമ്മാനം ലഭിക്കും.