എറണാകുളം : കൊച്ചി മെട്രോ ആറാം വാർഷിക ആഘോഷങ്ങളുടെ (Kochi metro sixth anniversary) ഭാഗമായി 'ചിരി വര മെട്രോ' സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി പ്രമുഖ കാർട്ടൂണിസ്റ്റുകൾ യാത്രക്കാരുടെ കാരിക്കേച്ചറുകൾ വരച്ചു നൽകി. ജൂൺ 15ന് രാവിലെ മുതൽ കൊച്ചി മെട്രോയുടെ വിവിധ ട്രെയിൻ സർവീസുകളിൽ ഒൻപത് പേരടങ്ങുന്ന കാർട്ടൂണിസ്റ്റുകളുടെ സംഘം സഞ്ചരിച്ചാണ് കാരിക്കേച്ചറുകൾ വരച്ചത്.
യാത്രക്കാരിൽ നിന്നും തെരഞ്ഞെടുത്തവരുടെ കാരിക്കേച്ചറുകളാണ് കാർട്ടൂണിസ്റ്റുകൾ വരച്ചത്. ഈ കാരിക്കേച്ചറുകളിൽ ചിലത് യാത്രക്കാർക്ക് സമ്മാനിക്കുകയും ചെയ്‌തു. യാത്രക്കാരുടെ കാരിക്കേച്ചറുകളിൽ തെരഞ്ഞെടുത്തവ ട്രെയിനുകളിൽ വരും ദിവസങ്ങളിൽ പ്രദർശിപ്പിക്കും. മുതിർന്ന കാർട്ടൂണിസ്റ്റ് ഇ പി ഉണ്ണിയാണ് പരിപാടി ഉദ്ഘാടനം ചെയ്‌തത്.
രതീഷ് രവി, ടിജി ജയരാജ്, മധൂസ്, സജീവ് ശൂരനാട്, സജ്ജീവ് ബാലകൃഷ്‌ണൻ, സുധീർനാഥ്, സജിത് കുമാർ, ഗോകുൽ ഗോപാലകൃഷ്‌ണൻ എന്നീ കാർട്ടൂണിസ്റ്റുകളാണ് മെട്രോയിൽ സഞ്ചരിച്ച് യാത്രക്കാരുടെ കാരിക്കേച്ചറുകൾ തയ്യാറാക്കിയത്. നഗര ജീവിതത്തിന്‍റെ തിരക്കുകൾക്കിടയിൽ മെട്രോയിയിൽ അതിവേഗം സഞ്ചരിച്ച് ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിനിടയിൽ സ്വന്തം കാർട്ടൂണുകൾ ലഭിച്ചത് പലർക്കും സന്തോഷകരമായ അനുഭവമായി മാറുകയും ചെയ്‌തു.
ടിക്കറ്റ് നിരക്കിൽ ഇളവ് : കൊച്ചി മെട്രോയുടെ (Kochi metro) പിറന്നാൾ ദിനമായ ജൂൺ 17ന് യാത്രക്കാർക്കായി ടിക്കറ്റ് നിരക്കിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഇളവുകൾ പ്രഖ്യാപിച്ചു. മിനിമം ടിക്കറ്റ് നിരക്കായ 10 രൂപ അന്നേ ദിവസവും തുടരും. 30, 40, 50, 60 രൂപ വരുന്ന ടിക്കറ്റുകൾക്ക് പകരം പതിനേഴാം തീയതി വെറും 20 രൂപയ്ക്ക് എത്ര ദൂരം വേണമെങ്കിലും ഒരു തവണ യാത്ര ചെയ്യാം.
ദൈനംദിന യാത്രകൾക്കായി കൊച്ചി മെട്രോയെ പൊതുജനങ്ങൾ കൂടുതലായി ആശ്രയിച്ചു തുടങ്ങുന്നുവെന്നത് സ്വാഗതാർഹമാണന്ന് കെഎംആർഎൽ അറിയിച്ചു. ഏപ്രിൽ മാസത്തിൽ ദിവസേന ശരാശരി 75,831 ആളുകളാണ് കൊച്ചി മെട്രോയിൽ യാത്ര ചെയ്‌തത്. മെയ് മാസത്തിൽ ദിവസേന ശരാശരി 98,766 ആളുകൾ യാത്ര ചെയ്‌തു.