എറണാകുളം:കൊച്ചി പുറംകടലിൽ 25,000 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. ഓപ്പറേഷൻ സമുദ്രഗുപ്‌തയുടെ ഭാഗമായി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എൻസിബി) നേവിയുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് ശേഖരവുമായി ഒരു പാകിസ്ഥാൻ പൗരനെ പിടികൂടിയിരുന്നു. ഇയാൾക്കൊപ്പമുണ്ടായിരുന്നവർ രക്ഷപ്പെടുകയും ചെയ്‌തിരുന്നു.
അനുമാനങ്ങളും അന്വേഷണങ്ങളുമായി:എന്നാല്‍ പിടിയിലായ പ്രതി സുബൈര്‍ താൻ ഇറാൻ പൗരനാണെന്നാണ് പറയുന്നത്. ഇതോടെ പ്രതിയെ കസ്‌റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് എൻസിബി. പ്രതി പാകിസ്ഥാൻ പൗരൻ തന്നെയാണെന്നും ഇറാൻ പൗരനാണെന്ന് വാദിക്കുന്നത് അന്വേഷണം വഴി തെറ്റിക്കാനാണെന്നുമാണ് എൻസിബി നിലപാട്. അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘമായ ഹാജി സലിം ഗ്രൂപ്പാണ് വൻതോതിലുള്ള ലഹരി കടത്തിന് പിന്നിലെന്നാണ് എൻസിബി വ്യക്തമാക്കുന്നത്. മാത്രമല്ല മയക്കുമരുന്ന് സംഘത്തിലെ രക്ഷപ്പെട്ട മറ്റുള്ളവർക്ക് വേണ്ടി നേവിയുടെ പരിശോധനയും തുടരുകയാണ്.
ഇനിയെന്ത്:ഇവർ മയക്കുമരുന്നുമായി സഞ്ചരിച്ച ബോട്ട് കടലിൽ മുക്കി രക്ഷപ്പെട്ടുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതോടൊപ്പം കിലോ കണക്കിന് ലഹരിമരുന്ന് അറബിക്കടലിൽ മുക്കിയെന്നാണ് എൻസിബി സംശയിക്കുന്നത്. ഈ ബോട്ടിലുള്ളവർ മറ്റൊരു ബോട്ടിൽ കയറി ദ്വീപുകളിലേക്ക് രക്ഷപ്പെട്ടുവെന്നും കരുതപ്പെടുന്നു. വെള്ളം കയറാത്തതും നശിക്കാത്തതുമായ പാക്കറ്റുകളിലാക്കി കടലിൽ തള്ളിയ മയക്കുമരുന്ന് ഇതേ സംഘം വീണ്ടെടുക്കാനുള്ള സാധ്യതയും അന്വേഷണ സംഘം കാണുന്നുണ്ട്. മയക്കുമരുന്ന് പിടികൂടിയത് പുറംകടലിലുള്ള ഇന്ത്യൻ സമുദ്രാതിർത്തിയിൽ പെടുന്ന പ്രദേശമാണെങ്കിൽ മാത്രമേ ഇന്ത്യയിലെ മയക്കുമരുന്ന് നിരോധന നിയമപ്രകാരം കേസുമായി മുന്നോട്ട് പോകാൻ കഴിയുകയുള്ളൂ.
ലഹരി വേട്ട ഇങ്ങനെ:എൻസിബിയും നേവിയും സംയുക്തമായി നടത്തിയ പരിശോധനയില്‍ രാജ്യത്തെ ഏറ്റവും വലിയ ലഹരിവേട്ടയായിരുന്നു നാല് ദിവസം മുമ്പ് കൊച്ചി പുറംകടലിൽ നടത്തിയത്. ഇതുവരെ പിടികൂടിയിട്ടുള്ളതില്‍ ഏറ്റവും വലിയ മെത്താഫെറ്റാമൈൻ ശേഖരമാണിത്. എൻസിബിയുടെ പ്രവർത്തനങ്ങൾക്ക് പുറമെ, ശ്രീലങ്കയുമായും മാലിദ്വീപുമായും പങ്കുവച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലഹരിമരുന്ന് പിടിച്ചെടുക്കാൻ കഴിഞ്ഞത്.
പിടികൂടിയ ലഹരിമരുന്ന് ശേഖരം ഇന്ത്യൻ നാവികസേനയുടെ ഇന്‍റലിജൻസ് വിഭാഗവുമായി സംയുക്തമായി നടത്തിയ ശ്രമങ്ങൾക്കൊടുവിൽ, മക്രാൻ തീരത്ത് നിന്ന് വൻതോതിൽ മെത്താംഫെറ്റാമൈൻ വഹിക്കുന്ന ഒരു 'മദർ ഷിപ്പിന്‍റെ' നീക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സൂക്ഷ്‌മ നിരീക്ഷണം നടത്തിവരികയായിരുന്നു. തുടർച്ചയായ രഹസ്യാന്വേഷണ ശേഖരണത്തിന്‍റെയും വിശകലനത്തിന്‍റെയും ഫലമായി കപ്പൽ നിരോധിതവസ്‌തുക്കൾ വിതരണം ചെയ്യാൻ സാധ്യതയുള്ള ഒരു റൂട്ട് കണ്ടെത്തി. അതനുസരിച്ച് ഈ വിശദാംശങ്ങൾ ഇന്ത്യൻ നാവികസേനയുമായി പങ്കിടുകയും ഒരു ഇന്ത്യൻ നേവൽ കപ്പൽ സമീപത്ത് വിന്യസിക്കുകയും ചെയ്‌തു.
തുടർന്ന് കടലിൽ പോകുന്ന ഒരു വലിയ കപ്പൽ നാവികസേന തടഞ്ഞു. ഈ കപ്പലിൽ നിന്ന് 134 ചാക്ക് മെത്താഫെറ്റാമൈൻ കണ്ടെടുത്തു. പിന്നീട് കണ്ടെടുത്ത ചാക്കുകൾ, പാകിസ്ഥാൻ പൗരൻ, തടഞ്ഞുനിർത്തിയ ബോട്ട് എന്നിവ കൊച്ചി മട്ടാഞ്ചേരി വാർഫിൽ കൊണ്ടുവന്ന് തുടർനടപടികൾക്കായി എൻസിബിക്ക് കൈമാറുകയായിരുന്നു.
ജലമേഖലയില്‍ നിരീക്ഷണവുമായി 'സമുദ്രഗുപ്‌ത': ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ കടൽ പാതയിലൂടെ ഹെറോയിന്‍റെയും മറ്റ് മയക്കുമരുന്നുകളുടെയും കടൽ മാര്‍ഗമുള്ള കടത്ത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന് വിലയിരുത്തിയാണ് എൻസിബി ഡയറക്‌ടർ ജനറൽ ഷായുടെ നേതൃത്വത്തിൽ ഓപ്പറേഷൻ സമുദ്രഗുപ്‌ത ആരംഭിച്ചത്. ലഹരിമരുന്ന് കടത്തുന്ന കപ്പലുകൾ തടയുന്നതിന് കാരണമായേക്കാവുന്ന പ്രവർത്തനക്ഷമമായ വിവരങ്ങൾ ശേഖരിക്കുക എന്നതായിരുന്നു പ്രവർത്തനത്തിന്‍റെ പ്രാഥമിക ലക്ഷ്യം. ഇതിനായി ഡിആർഐ പോലുള്ള ഏജൻസികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും കൈമാറുകയും ചെയ്‌തു. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന, ഇന്ത്യൻ നേവിയുടെ ഇന്‍റലിജൻസ് വിങ്, എൻ.ടി.ആർ.ഒ തുടങ്ങിയ രഹസ്യാന്വേഷണ ഏജൻസികളും സഹകരിച്ചാണ് ലഹരിമരുന്ന് പിടിച്ചെടുക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്.