കേരളം

kerala

ETV Bharat / state

കുടിവെള്ള ക്ഷാമത്തില്‍ കൊച്ചി; ടാങ്കർ ലോറിയിലെ വിതരണം പ്രതിസന്ധിയില്‍

കൊച്ചിയിൽ ടാങ്കർ ലോറികൾ വഴി മലിന ജലം കുടിവെള്ളമായി വിതരണം ചെയ്യുന്നുവെന്ന ആരോപണം ശക്തമായിരുന്നു. തുടർന്നാണ് ശുദ്ധമായ കുടിവെള്ള വിതരണം ഉറപ്പ് വരുത്തുന്നതിനായുള്ള ഓപ്പറേഷൻ പ്യൂവർ വാട്ടർ പദ്ധതി ജില്ലാ ഭരണകൂടം ആവിഷ്ക്കരിച്ചത്.

water scarcity at kochi  water authority  tanker lorry water distribution  വാട്ടർ അതോറിറ്റി  കൊച്ചിയില്‍ കുടിവെള്ള ക്ഷാമം  ടാങ്കർ ലോറിയില്‍ കുടിവെള്ള വിതരണം
കുടിവെള്ള ക്ഷാമത്തില്‍ കൊച്ചി; ടാങ്കർ ലോറിയിലെ വിതരണം പ്രതിസന്ധിയില്‍

By

Published : Jan 1, 2020, 3:07 PM IST

Updated : Jan 1, 2020, 3:47 PM IST

കൊച്ചി: കൊച്ചിയിൽ ടാങ്കർ ലോറി വഴിയുള്ള കുടിവെള്ള വിതരണം പ്രതിസന്ധിയിൽ. ബുധനാഴ്ച മുതൽ വാട്ടർ അതോറിറ്റി സ്റ്റേഷനുകളിൽ നിന്നു മാത്രമേ കുടിവെള്ളം ടാങ്കർ ലോറികളിൽ ശേഖരിക്കാവൂവെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകിയിരുന്നു. ഇതേ തുടർന്ന് വെള്ളം ലഭിക്കാനില്ലെന്നാണ് ടാങ്കർ ലോറി ഉടമകൾ പറയുന്നത്.

കുടിവെള്ള ക്ഷാമത്തില്‍ കൊച്ചി; ടാങ്കർ ലോറിയിലെ വിതരണം പ്രതിസന്ധിയില്‍

നിലവിൽ ഇരുന്നൂറ്റി അമ്പതിലധികം ടാങ്കർ ലോറികളാണ് ഓട്ടം നിർത്തിയത്. ഇവരിൽ പലരും സ്വന്തം കിണറുകളിൽ നിന്നും മറ്റുമാണ് കുടിവെള്ളം ശേഖരിച്ചിരുന്നത്. കൊച്ചിയിൽ ടാങ്കർ ലോറികൾ വഴി മലിന ജലം കുടിവെള്ളമായി വിതരണം ചെയ്യുന്നുവെന്ന ആരോപണം ശക്തമായിരുന്നു. തുടർന്നാണ് ശുദ്ധമായ കുടിവെള്ള വിതരണം ഉറപ്പ് വരുത്തുന്നതിനായുള്ള ഓപ്പറേഷൻ പ്യൂവർ വാട്ടർ പദ്ധതി ജില്ലാ ഭരണകൂടം ആവിഷ്കരിച്ചത്. ഇതിന്‍റെ ഭാഗമായി നിരവധി നിർദേശങ്ങളാണ് ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചത്. കുടിവെള്ളത്തിന്‍റെ ഗുണ നിലവാരം സംബന്ധിച്ച് ക്വാളിറ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ പരിശോധന നടത്തണം. വിതരണം ചെയ്യുന്ന ജലം അംഗീകൃത ലാബുകളിൽ എല്ലാ ദിവസവും പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തുക എന്നീ നിർദേശങ്ങളാണ് പുറത്തിറക്കിയത്. നിലവിൽ 13 ഹൈഡ്രന്‍റുകളാണ് വാട്ടർ അതോറിറ്റിക്ക് കീഴിൽ വരുന്നത്. ഇവിടെ നിന്നും വെള്ളം ശേഖരിക്കുന്ന ടാങ്കർ ലോറികളുടെ എണ്ണം, സമയം എന്നിവ കൃത്യമായി രേഖപ്പെടുത്തും. പിവിസി പ്ലാസ്റ്റിക് നിർമ്മിത ടാങ്കുകളിൽ കുടിവെള്ളം നിറയ്ക്കുന്നത് അനുവദനീയമല്ല. ടാങ്കറുകളിൽ കുടിവെള്ളം കൊണ്ടുപോകുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ ലൈസൻസ് എടുക്കാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും.

ലൈസൻസുള്ള വാഹനങ്ങളിൽ മാത്രം കുടി വെള്ളവിതരണം നടത്തേണ്ടതും മറ്റു ആവശ്യങ്ങൾക്കുള്ള ടാങ്കറുകളിൽ അക്കാര്യം രേഖപ്പെടുത്തേണ്ടതുമാണ്. പാറമടകളിൽ നിന്നും ശേഖരിക്കുന്ന വെള്ളം കുടിവെള്ളത്തിനായി വിതരണം ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കണം. മലിനജലം വിതരണം ചെയ്യുന്നതിന് എതിരെ ഫുഡ്സേഫ്റ്റി സ്ക്വാഡ് കർശന നടപടി സ്വീകരിക്കണം. കുടിവെള്ള വിതരണത്തിനുള്ള ടാങ്കറുകളിൽ നീലനിറവും നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള സൈറ്റിലേക്കുള്ള വെള്ളം കൊണ്ടു പോകുന്ന ടാങ്കറുകളിൽ ബ്രൗൺ നിറവും മാലിന്യം കൊണ്ടു പോകുന്ന വാഹനങ്ങളിൽ മഞ്ഞ നിറവും നൽകണമെന്ന ഹൈക്കോടതി ഉത്തരവ് കൃത്യമായി പാലിക്കണം. കുടിവെള്ള ടാങ്കിന്‍റെ ഉൾവശത്ത് ഇ.പി.ഐ കോട്ടിങ് നിർബന്ധമായും ഉണ്ടായിരിക്കണം തുടങ്ങിയ നിർദേശങ്ങളും നല്‍കിയിരുന്നു. അതേസമയം, ടാങ്കർ ലോറികൾ വഴി വിതരണം ചെയ്യുന്ന കുടിവെള്ള ഉപഭോക്താക്കളുടെ യോഗം കലക്ടറേറ്റിൽ ചേർന്നു. ഡെപ്യൂട്ടി കലക്‌ടര്‍ ഷാജഹാന്‍റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിൽ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി. കുടിവെള്ള വിതരണം തടസ്സപ്പെടില്ലന്ന് അദ്ദേഹം ഉറപ്പ് നൽകി. ജില്ലയിലെ വിവിധ മാളുകൾ, ആശുപത്രികൾ, റെസിഡൻസ് അസോസിയേഷനുകൾ തുടങ്ങിയവയുടെ പ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

Last Updated : Jan 1, 2020, 3:47 PM IST

ABOUT THE AUTHOR

...view details