കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് വിഷയത്തിൽ കൊച്ചി കോർപ്പറേഷനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കൊച്ചി കോർപ്പറേഷനെ പിരിച്ചു വിടാത്തത് എന്തുകൊണ്ടാണെന്നും ചെളി നീക്കുന്നതിനായി എത്ര കോടി ചെലവാക്കുന്നുണ്ടെന്നും ഹൈക്കോടതി ചോദിച്ചു. കൊച്ചിയെ സിംഗപ്പൂർ പോലെ ആക്കണമെന്നല്ല ജനങ്ങൾക്ക് സ്വസ്ഥമായി ജീവിക്കാനുളള സാഹചര്യം ഉണ്ടാകണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ നാളെ വിശദീകരണം നൽകണമെന്നാണ് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഉപതെരഞ്ഞെടുപ്പ് ദിവസമായിരുന്ന ഇന്നലെ നഗരത്തിലെ എല്ലാ റോഡുകളും വെള്ളക്കെട്ടിൽ മുങ്ങിയിരുന്നു. ഇതുമൂലം പലർക്കും വോട്ട് ചെയ്യാൻ പോലും പറ്റാത്ത സാഹചര്യമുണ്ടായി. ഞായറാഴ്ച മുതൽ പെയ്യുന്ന കനത്ത മഴ മൂലം നിരവധി വീടുകളും കടകളും വെള്ളത്തിനടിയിലായി. ഇതേതുടർന്ന് കോർപ്പറേഷനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉണ്ടായത്.