എറണാകുളം: കൊച്ചിയിലെ വെള്ളക്കെട്ട് വിഷയത്തിൽ കൊച്ചി കോർപ്പറേഷനെതിരെ വീണ്ടും ഹൈക്കോടതിയുടെ വിമർശനം. ജില്ലാ കലക്‌ടർ കൺവീനറായ പ്രത്യേക ദൗത്യസംഘം രൂപീകരിച്ച് വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്നും പത്ത് ദിവസത്തിനകം ദൗത്യസംഘം രൂപീകരിച്ച് ഉത്തരവിറക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
കൊച്ചിയിലെ വെള്ളക്കെട്ട്; കോർപ്പറേഷനെ വിമര്‍ശിച്ച് വീണ്ടും ഹൈക്കോടതി
വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് കൊച്ചി കോർപ്പറേഷൻ നൽകിയ വിശദീകരണങ്ങളെല്ലാം കോടതി തള്ളി. വെള്ളക്കെട്ട് പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ രണ്ടാഴ്ചക്കകം അറിയിക്കാനും കോടതി കോർപ്പറേഷന് നിർദേശം നൽകി.
ഉന്നത ഉദ്യേഗസ്ഥർ ദൗത്യസംഘത്തിൽ അംഗങ്ങളാകണമെന്നും സർക്കാറിന് കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കലക്‌ടർ ഇടപെട്ടില്ലെങ്കിൽ കൊച്ചിയുടെ സാഹചര്യം എന്താകുമായിരുന്നുവെന്ന് കോടതി ചോദിച്ചു. ജില്ലാ ഭരണം കൂടം ഇടപെടാത്തതിനെ തുടർന്നാണ് കോടതിക്ക് വിഷയത്തിൽ ഇടപെടേണ്ടി വന്നത്. കൊച്ചി കോർപ്പറേഷനെതിരെ കഴിഞ്ഞ ദിവസം നടത്തിയ അതിരൂക്ഷമായ വിമർശനങ്ങളെ ഇന്നും കോടതി സൂചിപ്പിച്ചു.
നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ കോർപ്പറേഷന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന കോർപ്പറേഷൻ നിലപാടില്‍ കോടതി അതൃപ്‌തി അറിയിച്ചു. പ്രശ്‌നം പരിഹരിക്കാൻ എന്തുകൊണ്ട് സർക്കാറിന്‍റെ സഹായം തേടിയില്ലെന്നും കോടതി ചോദിച്ചു. വെള്ളക്കെട്ടിന് കാരണം വേലിയേറ്റമാണെന്ന കോർപ്പറേഷന്‍റെ വാദം കോടതി തള്ളി. ഇതിന് എന്ത് തെളിവാണ് ഉള്ളതെന്നും ബ്രേക്ക് ത്രൂ ഓപ്പറേഷനിലൂടെ ഓടയിലെ തടസങ്ങൾ നീക്കിയതിലൂടെ വെള്ളക്കെട്ട് മാറിയത് കണ്ടില്ലേയെന്നും കോടതി ചോദിച്ചു. അതേസമയം ഓപ്പറേഷനിൽ പങ്കെടുത്ത ജില്ലാ കലക്‌ടറെയും ഉദ്യോഗസ്ഥരെയും കോടതി അഭിനന്ദിച്ചു. വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ നൽകിയ വിശദീകരണങ്ങളെല്ലാം കോടതി തള്ളി. വെള്ളക്കെട്ട് പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ രണ്ടാഴ്ചക്കകം അറിയിക്കാനും കോടതി കോർപ്പറേഷന് നിർദേശം നൽകി. കോടതി നിർദേശപ്രകാരം അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയിൽ ഹാജരായി. കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ കോടതിയെ അറിയിച്ചു.