എറണാകുളം :കാക്കനാട് ഇൻഫോപാർക്കിന് സമീപത്തെ ഫ്ലാറ്റില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം ലഹരി ഇടപാടുകാരിലേക്കും വ്യാപിപ്പിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ (Kochi City Police Commissioner) സി.എച്ച് നാഗരാജു. കൊലപാതകം നടന്ന, പ്രതി താമസിച്ചിരുന്ന ഫ്ലാറ്റ് പ്രവർത്തിച്ചിരുന്നത് ഒരു ബാർ പോലെയായിരുന്നുവെന്നും കമ്മീഷണർ പറഞ്ഞു. ഈ ഫ്ലാറ്റിൽ ലഹരി മരുന്ന് വിൽപ്പനയും ഉപയോഗവും ഉണ്ടായിരുന്നു.
ഫോൺ കോളുകൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപകമാക്കിയതായും കമ്മീഷണർ വ്യക്തമാക്കി. മഞ്ചേശ്വരത്ത് അറസ്റ്റിലായ പ്രതി അർഷാദിനെ കൊച്ചിയിലെത്തിക്കാൻ പ്രത്യേക സംഘത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. പ്രതി കൊലപാതകം ചെയ്തതായി സമ്മതിച്ചിട്ടുണ്ട്.
ഇയാളുടെ അറസ്റ്റ് ഇന്നലെയാണ് പൊലീസ് രേഖപ്പെടുത്തിയത്. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ പ്രതികൾ ഉണ്ടോ എന്ന് വ്യക്തമാവുകയുള്ളൂ. പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ച സുഹൃത്ത് അശ്വന്തിനെയും പൊലീസ് പിടികൂടിയിരുന്നു. ഇവരിൽ നിന്നും എം.ഡി.എം.എയും ഹാഷിഷും കഞ്ചാവും കണ്ടെത്തി.