പ്രതിഷേധവുമായി യുഡിഎഫ് അംഗങ്ങള്‍ എറണാകുളം :കൊച്ചി കോർപറേഷൻ മേയർ അഡ്വ.എം.അനില്‍കുമാറിനെതിരെ അവിശ്വാസപ്രമേയം അവതരിപ്പിക്കാനുളള യുഡിഎഫ് ശ്രമം പരാജയപ്പെട്ടു. കൗൺസിൽ യോഗം കോറം തികയാത്ത സാഹചര്യത്തിലാണ് പ്രമേയം അവതരിപ്പിക്കാൻ കഴിയാതെ വന്നത്. എൽഡിഎഫ് അംഗങ്ങൾക്ക് പുറമെ നാല് യുഡിഎഫ് അംഗങ്ങളും അഞ്ച് ബിജെപി അംഗങ്ങളും ഹാജരാകാതിരുന്നത് പ്രതിപക്ഷത്തിന് തിരിച്ചടിയായി.
അവിശ്വാസപ്രമേയം പരിഗണിക്കുന്നതിനാണ് പ്രത്യേക കൗൺസിൽ യോഗം നിശ്ചയിച്ചിരുന്നത്. ഇതോടെ പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള ശ്രമം പരാജയപ്പെടുത്താൻ എൽഡിഎഫ് അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കാതെ വിട്ടുനിന്നു. 74 അംഗ കൗൺസിലിൽ പകുതി അംഗങ്ങൾ എത്തിയാൽ മാത്രമേ അവിശ്വാസം ചർച്ചയ്‌ക്കെടുക്കാൻ കഴിയൂ എന്നാണ് ചട്ടം. കൗൺസിലിനെത്തിയതാകട്ടെ യുഡിഎഫിന്‍റെ 28 അംഗങ്ങൾ മാത്രമായിരുന്നു.
യുഡിഎഫ് അംഗങ്ങളും എത്തിയില്ല :വരണാധികാരിയായ ജില്ല കലക്‌ടർ എൻഎസ്കെ ഉമേഷ് കൗൺസിൽ ഹാളിലെത്തിയതിന് പിറകെ യുഡിഎഫ് അംഗങ്ങളും എത്തി. എന്നാല്‍ കോറം തികയാത്തതിനാൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ കഴിയില്ലെന്ന് അറിയിച്ച് ജില്ല കലക്‌ടർ കൗൺസിൽ ഹാൾ വിട്ടു. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തത്തെ തുടർന്നാണ് മേയർ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയത്. 32 അംഗങ്ങളുള്ള യുഡിഎഫിന് ബിജെപിയുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ പ്രമേയം പാസാക്കാൻ കഴിയുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ സ്വന്തം അംഗങ്ങൾ പോലും എത്താതിരുന്നത് യുഡിഎഫിന് വലിയ തിരിച്ചടിയായി.
വിട്ടുനിന്നത് ഇവര്‍ :ടിബിൻ ദേവസി, കാജൽ സലീം, സുനിത ഡിക്‌സൺ, പ്രകാശൻ എന്നീ കൗൺസിലർമാരാണ് യുഡിഎഫ് പക്ഷത്ത് നിന്ന് പങ്കെടുക്കാതിരുന്നത്. ഒഴിവാക്കാനാകാത്ത കാരണങ്ങളാലാണ് അവർ എത്താതിരുന്നതെന്നാണ് യുഡിഎഫിന്‍റെ വിശദീകരണം. മേയർക്കെതിരെ പ്രതിഷേധിച്ചിരുന്ന ബിജെപി അംഗങ്ങളും യോഗത്തിന് എത്തിയിരുന്നില്ല. ഇരുപക്ഷത്തെയും പിന്തുണയ്‌ക്കേണ്ടതില്ലെന്നാണ് ബിജെപിയുടെ നിലപാട്. എന്നാൽ മേയർക്കെതിരായ രാഷ്ട്രീയ പോരാട്ടത്തിൽ സ്വന്തം അംഗങ്ങളെപ്പോലും കൗൺസിൽ യോഗത്തിൽ പങ്കെടുപ്പിക്കാൻ കഴിയാതിരുന്നത് യുഡിഎഫിന് വലിയ ക്ഷീണമാണുണ്ടാക്കിയത്.
അണയാതെ പ്രതിഷേധം :അതേസമയം ബ്രഹ്മപുരം തീപിടിത്തം ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ മേയറെ പ്രതിപക്ഷ കൗൺസിലർമാർ തടഞ്ഞത് വലിയ സംഘർഷത്തിന് കാരണമായിരുന്നു. ഇതേതുടർന്ന് പ്രതിപക്ഷ കൗൺസിലർമാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ഇതില്‍ മൂന്ന് കൗൺസിലർമാർക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. തുടർന്ന് വന്ന കൗൺസിൽ യോഗങ്ങളിലെല്ലാം പ്രതിപക്ഷം പ്രതിഷേധം തുടരുകയായിരുന്നു. കോർപറേഷൻ ബജറ്റ് അവതരണ വേളയിൽ ഉൾപ്പടെ ശക്തമായ പ്രതിഷേധങ്ങൾക്കാണ് കൊച്ചി കോർപറേഷൻ സാക്ഷ്യം വഹിച്ചത്. ഇതിനൊടുവിലാണ് അവിശ്വാസ പ്രമേയത്തിലൂടെ മേയറെ പുറത്താക്കാൻ പ്രതിപക്ഷം തീരുമാനിച്ചത്. എന്നാൽ ഈ തീരുമാനം നടപ്പിലാക്കുന്നതിൽ പ്രതിപക്ഷം പരാജയപ്പെടുകയായിരുന്നു.
സിപിഎം ബിജെപി കൂട്ടുകെട്ട് ആരോപിച്ച് :പ്രതിപക്ഷ അംഗങ്ങൾ കോർപറേഷന് മുന്നിൽ പ്രതിഷേധയോഗം ചേരുകയും സിപിഎം-ബിജെപി അവിശുദ്ധ കുട്ടുകെട്ടാണ് കൊച്ചിയിലെന്ന് ആരോപിക്കുകയും ചെയ്‌തു. സിപിഎമ്മിന് സ്വന്തം അംഗങ്ങളെ തന്നെ വിശ്വാസമില്ലാത്തതിനാലാണ് കൗൺസിൽ യോഗത്തിൽ നിന്ന് വിട്ടുനിന്നതെന്ന് പ്രതിപക്ഷ കൗൺസിലറും മഹിള കോൺഗ്രസ് ജില്ല പ്രസിഡന്‍റുമായ അഡ്വ.മിനിമോൾ ആരോപിച്ചു. ബ്രഹ്മപുരം വിഷയത്തിൽ ബിജെപി നടത്തിയ പ്രതിഷേധ സമരങ്ങൾ പ്രഹസനമാണെന്ന് തെളിഞ്ഞുവെന്നും അവർ പറഞ്ഞു.