എറണാകുളം : കൊച്ചിയിലെ മാലിന്യം സംസ്‌കരിക്കുന്നതിന് ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്‍റിൽ പട്ടാളപ്പുഴുക്കളെത്തും. രണ്ട് കമ്പനികളുമായി സഹകരിച്ച് പട്ടാളപ്പുഴു മാലിന്യ സംസ്‌കരണത്തിന് കോർപ്പറേഷൻ കൗൺസിൽ അനുമതി നൽകി. ജൈവ മാലിന്യ സംസ്‌കരണത്തിനായി വിദേശ രാജ്യങ്ങളിൽ ഉൾപ്പടെ പരീക്ഷിച്ച് വിജയിച്ച ഈ പദ്ധതിക്ക് അനുകൂലമായ നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്.
അതേസമയം, ഈ പദ്ധതി നടപ്പിലാക്കുന്നത് സാവകാശം മതിയെന്നും, ആദ്യ ഘട്ടത്തിൽ പരീക്ഷണ അടിസ്ഥാനത്തിൽ മതിയെന്നും പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടു. പദ്ധതിയെ കുറിച്ച് കൗൺസിലർമാർക്ക് പോലും ധാരണയില്ലന്നും ഏതെങ്കിലും തരത്തിൽ പ്രതികൂല സാഹചര്യമുണ്ടായാൽ ഉത്തരവാദിത്വം ആര് ഏറ്റെടുക്കുമെന്നും അവർ ചോദിച്ചു. ഇതോടെ പദ്ധതിക്ക് കരാര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് കൗണ്‍സിലില്‍ ഭരണ, പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്ക് പോരിനും കൗൺസിൽ വേദിയായി. ഒരേ തുകയ്ക്ക് പദ്ധതി നടപ്പിലാക്കാൻ രണ്ട് കമ്പനികള്‍ക്കും കരാര്‍ നല്‍കാനുള്ള തീരുമാനത്തിനെതിരെയും പ്രതിപക്ഷ അംഗങ്ങൾ വിമർശനമുന്നയിച്ചു.
ഏതെങ്കിലും ഒരു കമ്പനിക്ക് പരീക്ഷണാടിസ്ഥാനത്തില്‍ കരാര്‍ നല്‍കി വിജയകരമായാല്‍ മാത്രം അടുത്ത കമ്പനിക്കും നല്‍കിയാല്‍ മതിയെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം മേയര്‍ തള്ളി. തുടര്‍ന്ന് ഇരു കമ്പനികള്‍ക്കും നിശ്ചിത അളവ് മാലിന്യം സംസ്‌കരിക്കാനുള്ള കരാര്‍ നല്‍കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. പദ്ധതിക്കായി ക്ഷണിച്ച ടെണ്ടറില്‍ അഞ്ച് കമ്പനികളാണ് താല്‍പര്യപത്രം നല്‍കിയത്.
ഇതില്‍ സിഗ്മ ഗ്ലോബല്‍ എന്‍വിയോ സൊല്യൂഷന്‍സ് ലിമിറ്റഡ് എന്ന സ്ഥാപനം കിലോയ്ക്ക് 2.525 രൂപയ്ക്കും ഫാബ്‌കോ ഫുഡ് വേസ്റ്റ് മാനേജ്‌മെന്റ് എന്ന സ്ഥാപനം 3.4 രൂപയ്ക്കും താല്‍പര്യപത്രം നല്‍കി. തുടര്‍ന്നുള്ള ചർച്ചയിൽ ഇരു കമ്പനികളും 2.498 രൂപ സമ്മതിച്ചു. ഇതില്‍ ഒരു കമ്പനിക്ക് മാത്രം കരാര്‍ നല്‍കിയാല്‍ രണ്ടാമത്തെ കമ്പനി നിയമ നടപടിക്ക് നീങ്ങിയേക്കുമെന്ന് കോർപ്പറേഷൻ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ടി കെ അഷറഫ് വാദിച്ചു.
ഇതേ തുടര്‍ന്നാണ് രണ്ട് കമ്പനികള്‍ക്കും കരാര്‍ നല്‍കാനുള്ള തീരുമാനം മേയര്‍ പ്രഖ്യാപിച്ചത്. മൂന്ന് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാകും കരാര്‍ നല്‍കുന്നത്. 100 ടണ്‍ മാലിന്യം സംസ്‌കരിക്കാനുള്ള കരാറാണ് ക്ഷണിച്ചതെങ്കിലും കുറ്റമറ്റ നിലയില്‍ പദ്ധതി നടപ്പാക്കാന്‍ ആദ്യം ചെറിയ അളവിൽ മാലിന്യം സംസ്‌കരിക്കുന്ന നിലയില്‍ കരാര്‍ വ്യവസ്ഥയിൽ മാറ്റം വരുത്തും. പ്രതിപക്ഷ അംഗങ്ങൾ പദ്ധതിയുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആശങ്കകൾ കൂടി പരിഗണിച്ചായിരുന്നു ഇത്തരമൊരു മാറ്റത്തിന് തീരുമാനിച്ചത്.