കേരളം

kerala

ETV Bharat / state

വൈവിധ്യങ്ങളുടെ ഉത്സവമായി കൊച്ചിയിലെ സഹകരണ എക്സ്പോ 2022 - Department of Co-operation Co-operative Expo 2022

ജനശ്രദ്ധ നേടി കൊച്ചിയിലെ സഹകരണ എക്സ്പോ 2022; സഹകരണ മേഖലയുമായി ബന്ധപ്പെട്ട വൈവിധ്യമാർന്ന സ്റ്റാളുകളാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്.

Kochi Cooperative Expo 2022  Co operative Expo 2022 in Kochi  കൊച്ചിയിലെ സഹകരണ എക്സ്പോ 2022  സഹകരണ വകുപ്പ് സഹകരണ എക്സ്പോ 2022  Department of Co-operation Co-operative Expo 2022  സഹകരണ എക്സ്പോ ചരിത്ര പ്രദർശനം
വൈവിധ്യങ്ങളുടെ ഉത്സവമായി കൊച്ചിയിലെ സഹകരണ എക്സ്പോ 2022

By

Published : Apr 22, 2022, 7:21 PM IST

Updated : Apr 22, 2022, 9:20 PM IST

എറണാകുളം:കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തിന്‍റെ ചരിത്രവും വർത്തമാനവും അടയാളപ്പെടുത്തുകയാണ് സഹകരണ എക്സ്പോ 2022. സഹകരണ വകുപ്പ് കൊച്ചിയിൽ സംഘടിപ്പിച്ച എക്സ്പോയിലെത്തുന്നവർക്ക് സഹകരണ പ്രസ്ഥാനത്തെ കുറിച്ച് പൊതുവെയും കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ കുറിച്ച് പ്രത്യേകിച്ചും അറിവ് നൽകുന്നതാണ് സഹകരണ വകുപ്പിന്‍റെ ചരിത്ര പ്രദർശനം. എക്സ്പോയിലെത്തുന്നവർ ആദ്യം സന്ദർശിക്കുന്നതും ഒന്നാമതായി ഒരുക്കിയിരിക്കുന്ന ഈ സ്റ്റാൾ തന്നെയാണ്.

വൈവിധ്യങ്ങളുടെ ഉത്സവമായി കൊച്ചിയിലെ സഹകരണ എക്സ്പോ 2022

ശ്രദ്ധേയമായി ചരിത്ര പ്രദർശനം:കേരളത്തിലെ പ്രഥമ സഹകരണ വകുപ്പ് മന്ത്രി ജോസഫ് മുണ്ടശ്ശേരി മുതൽ നിലവിലെ മന്ത്രി വി.എൻ വാസവൻ വരെയുള്ള ഇരുപത് മന്ത്രിമാരുടെ ചിത്രങ്ങളും, അവർ സഹകരണ വകുപ്പിന്‍റെ ചുമതല വഹിച്ച കാലഘട്ടവും ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. നേരത്തെ സഹകരണ വകുപ്പിന്‍റെ ചുമതല വഹിച്ച നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനും, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഈ പട്ടികയിലുണ്ട്.

കേരളത്തിലെ സുപ്രധാന സഹകരണ പ്രസ്ഥാനങ്ങളുടെ പേരു വിവരങ്ങൾ, ക്ഷീര സഹകരണ സംഘങ്ങളിലൂടെ പാലുൽപാദനരംഗത്ത് വിപ്ലവം സൃഷ്‌ടിച്ച ഡോ. വർഗീസ് കുര്യൻ, സഹകരണ പ്രസ്ഥാനത്തിന്‍റെ പിതാവ് റോബർട്ട് ഓവൻ എന്നിവരുടെ പ്രതിമകളും ഈ സ്റ്റാളിനെ ശ്രദ്ധേയമാക്കുന്നു. മനോഹരമായി തയാറാക്കിയ ഈ സ്റ്റാളിന് മുന്നിൽ സെൽഫിയെടുക്കുന്നവരുടെ എണ്ണവും ഏറെയാണ്.

കാസർകോഡ് മുതൽ തിരുവനന്തപുരം വരെ വ്യാപിച്ച് കിടക്കുന്ന കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ ഒരു മിനിയേച്ചറും ഇവിടെയോരുക്കിയിട്ടുണ്ട്. ഐക്യ കേരള രൂപീകരണ വേളയിലുണ്ടായിരുന്ന സഹകരണ പ്രസ്ഥാനങ്ങളുടെ വിശദാംശങ്ങളും, ഇന്ത്യയിലെ സഹകരണ പ്രസ്ഥാനങ്ങളുടെ ഉത്ഭവവും വളർച്ചയും ചരിത്ര പ്രദർശനം പരിചയപ്പെടുത്തുന്നു.

വായനക്കാർക്കായി പുസ്‌തക സ്റ്റാളുകൾ:വായന പ്രേമികളെയും എക്‌സ്‌പോ നിരാശപ്പെടുത്തുന്നില്ല. പ്രമുഖ പ്രസാധകരുടെ നിരവധി പുസ്‌തക സ്റ്റാളുകളാണ് എക്സ്പോയിൽ ഒരുക്കിയിട്ടുള്ളത്. എറണാകുളം ജില്ലാ ഓർഗാനിക്ക് ഫാമിങ് സഹകരണ സൊസൈറ്റിയുടെയും, വെണ്ണൂർ സർവീസ് സഹകരണ ബാങ്കിന്‍റെയും സ്റ്റാളുകളുടെ ആകർഷണം സ്വദേശിയും വിദേശിയുമായ ബോൺസായ് ഫലവൃക്ഷങ്ങളും കുള്ളൻ തെങ്ങിൻ തൈകളുമാണ്.

വിദേശയിനം ചെടികളും ആകർഷണീയം:നഗരവാസികൾക്ക് ഫ്ലാറ്റുകളിലും വീടിനോട് ചേർന്ന ചെറിയ സ്ഥലങ്ങളിലും വളർത്താൻ കഴിയുന്ന തായ്‌ലൻഡ് ഓൾ സീസൺ മാവിനും, ആറ് മാസം കൊണ്ട് ചക്ക ലഭിക്കുന്ന വിയറ്റ്നാം ഏർലി സൂപ്പർ എന്ന പ്ലാവിനും ആവശ്യക്കാർ ഏറെയാണ്. മലയാളികൾക്ക് സുപരിചരമല്ലാത്ത നിരവധി വിദേശയിനം ഫലവൃക്ഷ ചെടികളും ഇവിടെ ലഭ്യമാണ്.

അക്ഷര മ്യൂസിയം സ്റ്റാൾ:നിർമാണ മേഖലയിൽ വിജയഗാഥ രചിച്ച ഊരാളുങ്കൽ സൊസൈറ്റിയുടെ സ്റ്റാളിലേക്കും അണമുറിയാത്ത ജനപ്രാവാഹമാണ്. ചരിത്ര പ്രാധാന്യമുള്ളതും പൗരാണികമായ പുസ്‌തകങ്ങളും കോട്ടയത്ത് സ്ഥാപിക്കുന്ന അക്ഷര നഗരിയുടെ മാതൃകയുമാണ് അക്ഷര മ്യൂസിയം സ്റ്റാളിലുള്ളത്. ചണ്ണപ്പേട്ട സർവീസ് സഹകരണ ബാങ്കിന്‍റെ ടൂർ പാക്കേജുകളെ പരിചയപ്പെടുത്തുന്ന സ്റ്റാളിൽ അന്വേഷണവുമായി നിരവധി പേരാണ് എത്തുന്നത്. ഇതിനകം നിരവധി ടൂർ ബുക്കിങ്ങുകളും ഇവർക്ക് ലഭിച്ചിട്ടുണ്ട്.

വൈവിധ്യങ്ങളുടെ മേള:നീണ്ടൂർ സർവീസ് സഹകരണ ബാങ്കിന്‍റെ നീണ്ടൂർ റൈസ്, കട്ടപ്പന സർവീസ് സഹകരണ ബാങ്കിന്‍റെ ടിഷ്യൂ കൾച്ചർ ലാബ്, മറയൂർ സർവീസ് സഹകരണ ബാങ്കിന്‍റെ ഭൗമ സൂചികാ പദവി ലഭിച്ച മറയൂർ ശർക്കരയും തനത് ഉൽപന്നങ്ങളും ലഭിക്കുന്ന സ്റ്റാൾ, വനശ്രീയുടെ ഇക്കോ ഷോപ്പ്, പള്ളിപ്പുറം സർവീസ് സഹകരണ ബാങ്കിന്‍റെ അക്വാപോണിക്‌സ്, വയനാടൻ തനത് ഉൽപന്നങ്ങൾ, മുള, ചൂരൽ ഉൽപന്നങ്ങൾ തുടങ്ങി സഹകരണ എക്സ്പോ വൈവിധ്യങ്ങളായ സ്റ്റാളുകളാൽ സമ്പന്നമാണ്.

വൻ ജനപിന്തുണ:വിവിധ സഹകരണ സ്ഥാപനങ്ങൾ കർഷകരിൽ നിന്നും ഉൽപന്നങ്ങൾ ശേഖരിച്ച് നിർമിക്കുന്ന മൂല്യവർധിത ഉൽപന്നങ്ങൾക്ക് ഏകീകൃത ബ്രാൻഡ് എന്ന ആശയം നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് സഹകരണ സംഘം അസിസ്റ്റന്‍റ് രജിസ്ട്രാർ ബിനോയ് കുമാർ ഇ.ടി.വി ഭാരതിനോട് പറഞ്ഞു. തങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ചുള്ള ജനപിന്തുണയാണ് എക്സ്പോയ്ക്ക് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എക്സ്പോയുടെ ഭാഗമായി സംഘടിപ്പിച്ചുവരുന്ന സെമിനാറുകളും കലാപരിപാടികളും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ്. ഏപ്രിൽ പതിനെട്ടിന് തുടങ്ങിയ സഹകരണ എക്സ്പോയിൽ സന്ദർശകരുടെ വൻ തിരക്കാണ് ഒരോ ദിവസവും അനുഭവപ്പെട്ടത്. സംഘാടകരുടെ പ്രതീക്ഷകൾക്കനുസരിച്ചാണ് സ്റ്റാളുകളിൽ വിപണനവും പുരോഗമിക്കുന്നത്.

വാരാന്ത്യത്തിൽ എക്സ്പോയിലെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണ് പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങൾക്ക് പ്രവേശനം പൂര്‍ണമായും സൗജന്യമാണ്. രാവിലെ 9.30 മുതല്‍ രാത്രി 8.30 വരെയാണ് പ്രദര്‍ശനം. ഏപ്രിൽ ഇരുപത്തിയഞ്ചിന് എക്സ്പോ സമാപിക്കും.

Last Updated : Apr 22, 2022, 9:20 PM IST

ABOUT THE AUTHOR

...view details