എറണാകുളം:കൊച്ചിയില്‍ നാളെയും മറ്റന്നാളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ അണച്ചെങ്കിലും പുക ഉയരുന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ല കലക്‌ടര്‍ അവധി പ്രഖ്യാപിച്ചത്. വടവുകോട്, പുത്തന്‍കുരിശ് ഗ്രാമ പഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഒന്ന് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള കൊച്ചിയിലെ വിദ്യാലയങ്ങൾക്ക് അവധി നൽകിയിരുന്നു. ഇതിനെതിരെ മറ്റ് വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രതിഷേധവുമായി എത്തിയതോടെയാണ് അവധി പ്രഖ്യാപിച്ചത്. അങ്കണവാടികള്‍, കിന്‍റര്‍ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെന്‍ററുകള്‍ എന്നിവയ്ക്കും സര്‍ക്കാര്‍, എയ്‌ഡഡ്, അണ്‍ എയ്‌ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും അവധി ബാധകമായിരിക്കും. എന്നാൽ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഉള്‍പ്പടെയുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും അധികൃതർ അറിയിച്ചു.
മാലിന്യം കൊണ്ട് വീര്‍പ്പ് മുട്ടി കൊച്ചി:കഴിഞ്ഞ ഒരാഴ്‌ചയായി നഗരത്തിലെ മാലിന്യം ശേഖരിക്കുന്നത് നിർത്തി വച്ചതിനാൽ ജനങ്ങൾ വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. ബ്രഹ്മപുരത്തെ സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നത് വരെ ജൈവ മാലിന്യ സംസ്‌കരണത്തിന് അമ്പലമേട്ടിലാണ് സ്ഥലം കണ്ടെത്തിയത്. കിൻഫ്രയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ജൈവ മാലിന്യം താത്കാലികമായി സംസ്‌കരിക്കുന്നത്.
ഇത് സംബന്ധിച്ച് ജില്ല ഭരണകൂടം കൊച്ചി കോർപറേഷന് നിർദേശം നൽകിയിരുന്നു. കോർപറേഷൻ, കിൻഫ്ര, ഫാക്‌ട് എന്നിവ സംയുക്തമായാണ് ഇതിന് നടപടി സ്വീകരിക്കുക. ഭക്ഷണാവശിഷ്‌ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങള്‍ ശേഖരിച്ച് അമ്പലമേടുള്ള സ്ഥലത്ത് വച്ച് സംസ്‌കരിക്കാനാണ് തീരുമാനമെങ്കിലും ഇതും നടപ്പായിട്ടില്ല.
ആളി പടര്‍ന്ന് ബ്രഹ്മപുരം പ്ലാന്‍റ്:ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്നുള്ള പുക നിയന്ത്രിക്കാനുള്ള പ്രവർത്തനത്തിൽ നേവിയും വ്യോമ സേനയും ഹെലികോപ്റ്ററുകളും പങ്കാളികളായി. തീപിടിത്തത്തെ തുടർന്നുണ്ടായ പ്രതിസന്ധി ഏഴാം ദിവസവും കൊച്ചിയിൽ തുടരുകയാണ്. തീ പൂർണമായും നിയന്ത്രണ വിധേയമായെങ്കിലും പ്ലാസ്റ്റിക് മാലിന്യ കൂമ്പാരത്തിൽ നിന്നും ശക്തമായ പുക ഉയരുന്നതാണ് പ്രയാസം സൃഷ്‌ടിക്കുന്നത്.