എറണാകുളം:കൊച്ചിയിൽ മുത്തശ്ശിയുടെ സുഹൃത്ത് ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ ഒന്നര വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു. നോറ മരിയയുടെ മൃതദേഹം അങ്കമാലി കറുകുറ്റി സെന്‍റ് സേവിയസ് പള്ളിയിലാണ് സംസ്‌കരിച്ചത്. വിദേശത്തായിരുന്ന കുട്ടിയുടെ അമ്മ ഡിക്‌സി നാട്ടിലെത്തിയിരുന്നു. മൂത്ത കുട്ടിയുടെ സംരക്ഷണം അമ്മയെ ഏൽപിച്ചു.
അതേസമയം കുട്ടിയുടെ അച്ഛൻ സജീവൻ അമ്മ ഡിക്‌സിയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കി. ഇതേതുടർന്ന് സജീവനും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായി. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നു. ഡിക്‌സി വിദേശത്തായിരുന്നതിനാൽ കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തിരുന്ന അച്ഛന്‍റെ അമ്മ സിപ്‌സിക്കെതിരെ ഡിക്‌സിയും ബന്ധുക്കളും ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. മക്കളെ അമ്മയിൽ നിന്നും അകറ്റി നിർത്താൻ മുത്തശ്ശി മനഃപൂർവം ശ്രമിച്ചിരുന്നു. കുട്ടികളെ വിട്ടു നൽകണമെന്ന അമ്മയുടെയും ബന്ധുക്കളുടെയും ആവശ്യം സിപ്‌സി അംഗീകരിച്ചിരുന്നില്ല. കുട്ടികളെ അസാന്മാർഗിക ജീവിതത്തിനും കഞ്ചാവ് കടത്തിനും മറയാക്കിയെന്നാണ് ഡിക്‌സിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്.
READ MORE: കൊച്ചിയില്‍ ഒന്നര വയസുകാരിയെ ബക്കറ്റില്‍ മുക്കി കൊന്നു ; മുത്തശ്ശിയുടെ സുഹൃത്ത് അറസ്റ്റില്‍
അതേസമയം കുട്ടിയുടെ കൊലപാതകത്തിൽ മുത്തശ്ശി സിപ്‌സിക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. മുത്തശ്ശിയുടെ സുഹൃത്തും പ്രതിയുമായ ബിനോയി ജോൺ പള്ളുരുത്തിയിലെ അൽത്താഫിയ, ഡിക്രൂസ് ദമ്പതികളുടെ വളർത്തുമകനായിരുന്നു. ഇവരെയും ഇയാൾ ഉപദ്രവിച്ചിരുന്നു. വീടും സ്ഥലവും സ്വന്തം പേരിൽ എഴുതി നൽകാൻ നിർബന്ധിച്ചിരുന്നു. ജോൺ ബിനോയി ലഹരിക്കടിമയായിരുന്നു. ഇതിന് പണത്തിന് വേണ്ടിയും ദ്രോഹിച്ചിരുന്നു.
കലൂരിലെ ഹോട്ടൽ മുറിയിൽ വച്ച് തിങ്കളാഴ്‌ച രാത്രിയാണ് പള്ളുരുത്തി സ്വദേശി ജോൺ ബിനോയി ഒന്നര വയസുകാരിയെ കൊലപ്പെടുത്തിയത്. രണ്ട് കുട്ടികൾക്കും സുഹൃത്ത് ജോൺ ബിനോയിക്കുമൊപ്പം അഞ്ചാം തീയതിയാണ് സിപ്‌സി ഹോട്ടലിൽ മുറിയെടുത്തത്. ഇതിനിടയിൽ ജോൺ ബിനോയിയുമായി തർക്കങ്ങളുണ്ടായി. തിങ്കളാഴ്‌ച രാത്രി സിപ്‌സി പുറത്തുപോയ സമയത്ത് ജോൺ ബിനോയി ഒന്നര വയസുകാരിയെ കൊലപ്പെടുത്തുകയായിരുന്നു.
പാൽ കുടിക്കുന്നതിനിടെ ശ്വാസതടസം അനുഭവപ്പെട്ടുവെന്നാണ് പ്രതി മുത്തശ്ശിയോടും പറഞ്ഞത്. ഇതേ കാരണം പറഞ്ഞാണ് ആശുപത്രിയിലെത്തിച്ചതെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. എന്നാൽ സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു. പോസ്‌റ്റ്‌മോർട്ടത്തിൽ കുട്ടിയുടെ മരണം കൊലപാതകമെന്ന് വ്യക്തമായതോടെയാണ് കസ്റ്റഡിയിലായിരുന്ന പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.