കൊച്ചിയില്‍ അടുത്ത മാർച്ച് വരെ പകല്‍ വിമാനമിറങ്ങില്ല - സിയാല്‍
നവീകരണം ആരംഭിക്കുന്ന ബുധനാഴ്ച മുതല്‍ 24 മണിക്കൂർ പ്രവർത്തന സമയം 16 മണിക്കൂറായി ചുരുക്കി. രാവിലെയും വൈകീട്ടും കൂടുതൽ തിരക്ക് ഉണ്ടാകുന്നത് പരിഗണിച്ച് ചെക്ക്-ഇൻ സമയം വർധിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര യാത്രക്കാർക്ക് ഇനി മൂന്നു മണിക്കൂർ മുമ്പു തന്നെ ചെക്ക്-ഇൻ നടത്താം. രാജ്യാന്തര യാത്രക്കാർക്ക് നാല് മണിക്കൂർ മുമ്പും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.
എറണാകുളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ റൺവെ നവീകരണ പദ്ധതി ആരംഭിക്കുന്നതിനാല്‍ 2020 മാർച്ച് 28 വരെ പകല്‍ സമയങ്ങളില്‍ വിമാന സർവീസ് ഉണ്ടാകില്ല. ദിവസവും രാവിലെ പത്തിന് അടയ്ക്കുന്ന വിമാനത്താവള റൺവെ വൈകീട്ട് ആറിന് മാത്രമെ തുറക്കുകയുള്ളൂ. കൂടുതൽ സർവീസുകളും വൈകീട്ട് ആറ് മുതൽ രാവിലെ 10 വരെയുള്ള സമയത്തേയ്ക്ക് പുന:ക്രമീകരിച്ചതായി സിയാൽ അധികൃതർ അറിയിച്ചു.
നവീകരണം ആരംഭിക്കുന്ന ബുധനാഴ്ച മുതല്‍ 24 മണിക്കൂർ പ്രവർത്തന സമയം 16 മണിക്കൂറായി ചുരുക്കി. രാവിലെയും വൈകീട്ടും കൂടുതൽ തിരക്ക് ഉണ്ടാകുന്നത് പരിഗണിച്ച് ചെക്ക്-ഇൻ സമയം വർധിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര യാത്രക്കാർക്ക് ഇനി മൂന്നു മണിക്കൂർ മുമ്പു തന്നെ ചെക്ക്-ഇൻ നടത്താം. രാജ്യാന്തര യാത്രക്കാർക്ക് നാല് മണിക്കൂർ മുമ്പും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. ഇതിനായി 100 സുരക്ഷാ ഭടൻമാരെ കൂടി സി.ഐ.എസ്.എഫ് അനുവദിച്ചിട്ടുണ്ട്. ഇതോടെ സിയാലിലെ സി.ഐ.എസ്.എഫ് അംഗബലം 950 ആയി ഉയർന്നു. വരുന്ന ആഴ്ചകളിൽ 400 പേർ കൂടി എത്തുമെന്നും സി.ഐ.എസ്.എഫ് അറിയിച്ചിട്ടുണ്ട്. പുനക്രമീകരണത്തിന്‍റെ ഭാഗമായി അഞ്ച് വിമാന സർവീസുകൾ മാത്രമാണ് റദ്ദാക്കുന്നത്. സ്പൈസ് ജെറ്റിന്‍റെ മാലദ്വീപ് സർവീസ് രാജ്യാന്തര വിമാനത്തില്‍ റദ്ദാക്കിയത്. അഹമ്മദാബാദ്, ഡല്‍ഹി, ചെന്നൈ, മൈസൂർ എന്നിവിടങ്ങളിലേക്കുള്ള ചില ആഭ്യന്തര സർവീസുകളും റദ്ദാക്കിയതായി സിയാല്‍ അറിയിച്ചു.
റൺവെ റീ-സർഫസിങ് നടത്തുന്നതിനാണ് വിമാനത്താവളത്തിന്‍റെ പ്രവർത്തന സമയം കുറച്ചത്.
1999-ൽ പ്രവർത്തനം തുടങ്ങിയ കൊച്ചി വിമാനത്താവളത്തിൽ 2009-ൽ ആണ് ആദ്യ റൺവെ റീ-സർഫസിങ് നടത്തിയത്. 3400 മീറ്റർ നീളവും 60 മീറ്റർ വീതിയുമാണ് റൺവെയ്ക്കുള്ളത്. വർഷങ്ങളുടെ ഉപയോഗത്തിൽ റൺവെയുടെ മിനുസം കൂടും. ഇത് വിമാനങ്ങളുടെ സുരക്ഷിതമായ ലാൻഡിങ്ങിന് അഭിലഷണീയമല്ല. വിമാനങ്ങൾ കൃത്യമായ സ്ഥലത്ത് ലാൻഡ് ചെയ്യണമെങ്കിൽ റൺവെയ്ക്ക് നിശ്ചത തോതിലുള്ള ഘർഷണം ഉണ്ടാകണം. റൺവെയുടെ പ്രതലം പരുക്കനായി നിലനിർത്തേണ്ടതുണ്ട്. ഇത് ഉറപ്പുവരുത്താനാണ് റീ-സർഫസിങ് നടത്തുന്നത്. റൺവെ, ടാക്‌സി ലിങ്കുകൾ എന്നിവയുൾപ്പെടെ മൊത്തം 5 ലക്ഷം ചതുരശ്ര മീറ്റർഭാഗത്താണ് റീ-സർഫിങ് ജോലികൾ നടക്കുന്നത്. സമാന്തരമായി റൺവെയുടെ ലൈറ്റിങ് സംവിധാനം നിലവിലെ കാറ്റഗറി-1 വിഭാഗത്തിൽ നിന്ന് കാറ്റഗറി-3 വിഭാഗത്തിലേയ്ക്ക് ഉയർത്തുന്ന പ്രവർത്തനവും നടക്കും. ഇതോടെ റൺവെയുടെ മധ്യരേഖയിൽ നിലവിലുള്ളതിന്‍റെ ഇരട്ടിയിലേറെ ലൈറ്റുകൾ സ്ഥാപിക്കപ്പെടും. 150 കോടി രൂപയാണ് റൺവെ നവീകരണ പ്രവർത്തനങ്ങൾക്ക് ചെലവ്. കാലാവസ്ഥ അനുകൂലമായ സമയം എന്ന നിലയ്ക്കാണ് നവംബർ- മാർച്ച് റൺവെ നവീകരണ പ്രവർത്തനത്തിന് സിയാൽ തിരഞ്ഞെടുത്തിട്ടുളളത്.