എറണാകുളം: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന് വിചാരണക്കോടതി. കേസ് പരിഗണിക്കുന്ന സ്പെഷ്യൽ ജഡ്‌ജി ഹണി.എം.വർഗീസാണ് ഈ ആവശ്യമുന്നയിച്ച് സുപ്രീം കോടതിയിൽ കത്ത് നൽകിയത്. കൊവിഡ് മൂലം നടപടികൾ തടസപ്പെട്ടുവെന്നാണ് വിചാരണ കോടതി ജഡ്‌ജി ചൂണ്ടികാണിക്കുന്നത്.
ഈ വർഷം ഓഗസ്റ്റിൽ നടപടികൾ പൂർത്തിയാക്കാനായിരുന്നു സുപ്രീം കോടതി നിർദേശം നൽകിയിരുന്നത്. നേരത്തെ സമാനമായ സാഹചര്യത്തിൽ വിചാരണ കോടതി ജഡ്‌ജിയുടെ ആവശ്യം പരിഗണിച്ചായിരുന്നു 6 മാസത്തെ സമയം കൂടി സുപ്രീം കോടതി അനുവദിച്ചത്. ഇനി സമയം നീട്ടി നൽകില്ലെന്നും 2021 ഓഗസ്റ്റിൽ വിചാരണ പൂർത്തിയായിരിക്കണമെന്നും സുപ്രീം കോടതി കർശന നിർദേശം നൽകിയിരുന്നു.