എറണാകുളം: കളമശ്ശേരി നഗരസഭയിലെ മുപ്പത്തിയേഴാം വാർഡിലേക്കുള്ള തെരെഞ്ഞടുപ്പിൽ ഇടതുമുന്നണിക്ക് അട്ടിമറി വിജയം. ഇടതു സ്വതന്ത്രൻ റഫീഖ് മരയ്ക്കാർ അറുപത്തി നാല് വോട്ടിനാണ് വിജയിച്ചത്. ലീഗ് സിറ്റിംഗ് സീറ്റാണ് ഇടതുമുന്നണി പിടിച്ചെടുത്തത്. യു.ഡി.എഫിലെ മുഹമ്മദ് സമീലിനെയാണ് റഫീഖ് പരാജയപ്പെടുത്തിയത്.
കോൺഗ്രസ് വിമത സ്ഥാനാർഥിയുടെ സാന്നിധ്യമാണ് യു.ഡി.എഫിന് തിരിച്ചടിയായത്. കോൺഗ്രസ് വിമത സ്ഥാനാർഥി ഷിബു സിദ്ധിഖ് നേടിയ ഇരുന്നൂറ് വോട്ടാണ് നിർണായകമായതി. സ്വതന്ത്ര സ്ഥാനാർഥിയുടെ മരണത്തെ തുടർന്നാണ് ഇവിടെ തെരെഞ്ഞെടുപ്പ് മാറ്റിവച്ചത്.
കളമശ്ശേരി നഗരസഭയിലെ തെരെഞ്ഞടുപ്പിൽ ഇടതുമുന്നണിക്ക് അട്ടിമറി വിജയം 42 വാർഡുകളുള്ള നഗരസഭയിൽ 41 വാർഡിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് - 19, എൽ.ഡി.ഫ് -18 , യു.ഡി.എഫ് വിമതർ രണ്ട് , എൽ.ഡി.എഫ് വിമത ഒന്ന്, ബി.ജെ.പി ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. ചെയർപേഴ്സൺ തെരെഞ്ഞെടുപ്പിൽ ഒരു യു.ഡി.എഫ് വിമതനും, എൽ ഡി എഫ് വിമതയും ഇടതുമുന്നണിയെയും, ഒരു യു.ഡി.എഫ് വിമതൻ ഐക്യ ജനാധിപത്യ മുന്നണിയെയും പിന്തുണച്ചതോ മുന്നണികളുടെ കക്ഷി നില 20-20 എന്ന നിലയിലായി. തുടർന്ന് നറുക്കപ്പിലൂടെ ഭരണം യു.ഡി.എഫിന് ലഭിക്കുകയായിരുന്നു.
എന്നാൽ ഒരു യുഡിഎഫ് വിമതൻ വീണ്ടും യു.ഡി.എഫിന് പിന്തുണ പ്രഖാപിച്ചിരുന്നു. ഇതോടെ യു ഡി എഫ് സീറ്റുകൾ 21 ആയി ഉയർന്നു. മുപ്പത്തിയേഴാം വാർഡിലെ വിജയത്തോടെ ഇടതുമുന്നണിയുടെ അംഗ സംഖ്യ ഇരുപതായി ഉയർന്നു. നേരത്തെ പിന്തുണച്ച യു.ഡി.എഫ് വിമതൻ തിരിച്ചു വന്നാൽ കളമശ്ശേരി നഗരസഭ പിടിച്ചെടുക്കാമെന്ന പ്രതീക്ഷയാണ് ഇടതുമുന്നണിക്കുള്ളത്.