കൊച്ചി: പാലാരിവട്ടം മേൽപ്പാല നിർമ്മാണത്തിൽ വൻ അഴിമതിയെന്ന് വിജിലൻസ്. മേൽപ്പാല നിർമ്മാണത്തിൽ നിർമ്മാതാക്കളും ഉദ്യോഗസ്ഥരും ഒത്തുകളിച്ചെന്നും റിപ്പോർട്ട്. കിറ്റ് കോ, കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപറേഷൻ എന്നിവയിലെ ഉദ്യോഗസ്ഥരെയും പ്രതികളാക്കി വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എഫ്ഐആർ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.
പാലാരിവട്ടം മേൽപ്പാലം: വൻ അഴിമതിയെന്ന് വിജിലൻസ് - kochi
എഫ്ഐആർ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ
പാലത്തിന്‍റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായി പ്രാഥമിക അന്വേഷണത്തിൽ വിജിലൻസ് കണ്ടെത്തിയിരുന്നു. തുടർന്നാണ് പാലത്തിൽ നിന്ന് കമ്പനികളുടെയും സിമന്‍റിന്‍റെയും സാമ്പിളുകൾ ശേഖരിച്ച് വിശദമായ മൊഴിയെടുപ്പും, രേഖകൾ പരിശോധിച്ച് അന്തിമ റിപ്പോർട്ടും സമർപ്പിച്ചത്. നിർമ്മാണത്തിനായി നിലവാരമില്ലാത്ത സിമന്‍റും, ആവശ്യത്തിനുള്ള കമ്പികളും ഉപയോഗിച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധനാ ഫലത്തിന്‍റെ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ. അമിത ലാഭത്തിനായി പാലത്തിന്‍റെ ഡിസൈൻ തന്നെ മാറ്റിയെന്ന ഗുരുതര കണ്ടെത്തലാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. അതേസമയം സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി പാലത്തിന്‍റെ പണി പൂർത്തിയാകാത്തതിനാൽ പാലാരിവട്ടം ജംഗ്ഷനിൽ വൻ ഗതാഗതക്കുരുക്ക് രൂക്ഷമാകും.