ഹൃദയപൂർവം മന്ത്രി ശൈലജ: ചികിത്സ പൂർത്തിയാക്കി കുട്ടി ആശുപത്രി വിട്ടു - ലിസി ആശുപത്രി
ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുഞ്ഞിന് സൗജന്യ ചികിത്സ ഒരുക്കിയത്.

കൊച്ചി : ഹൃദ്രോഗ ചികിത്സക്കായി മലപ്പുറത്തു നിന്ന് എറണാകുളം ലിസി ആശുപത്രിയിൽ എത്തിച്ച ഒരു ദിവസം മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിന്‍റെ ആദ്യഘട്ട ചികിത്സ പൂർത്തിയായി. കുട്ടി ഇന്ന് ആശുപത്രി വിട്ടു. മലപ്പുറം എടക്കര സ്വദേശികളുടെ കുഞ്ഞാണ് ഹൃദ്രോഗ ചികിത്സക്ക് ശേഷം മാതാവിനും ബന്ധുക്കൾക്കുമൊപ്പം നാട്ടിലേക്ക് മടങ്ങിയത്. കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടാണ് കുഞ്ഞിനെ ആശുപത്രി ഡോക്ടർമാരും ജീവനക്കാരും യാത്രയാക്കിയത്.
എടക്കര പ്രശാന്തി ആശുപത്രിയിൽ കഴിഞ്ഞ എട്ടാം തീയതിയാണ് കുഞ്ഞ് ജനിച്ചത്. കുട്ടിയുടെ ആരോഗ്യസ്ഥിതിയിൽ സംശയം തോന്നിയതിനെ തുടർന്ന് അന്നുതന്നെ പെരിന്തൽമണ്ണ കിംസ് അൽഷിഫ ആശുപത്രിയിലേക്കും, ഗുരുതരമായ ഹൃദ്രോഗം ആണെന്ന് പരിശോധനയിൽ വ്യക്തമായപ്പോൾ ഉടനെ തന്നെ എറണാകുളം ലിസി ആശുപത്രിയിലേക്കും എത്തിക്കുകയായിരുന്നു. കുഞ്ഞിന് ഹൃദയത്തിന്‍റെ വലത്തെ അറയിൽ നിന്നും ശ്വാസകോശത്തിലേക്ക് രക്തമെത്തിക്കുന്ന വാൽവും രക്തക്കുഴലും ഇല്ലായിരുന്നു.
ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്, ലിസി ആശുപത്രിയിൽ കുഞ്ഞിന് സൗജന്യ ചികിത്സ ഒരുക്കിയത്. ചികിത്സക്ക് ശേഷവും മന്ത്രിയുടെ പി എ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കാറുണ്ടെന്നും ആശുപത്രിയിലെ ഡോക്ടർമാരോടും ജീവനക്കാരോടും നന്ദി അറിയിക്കുന്നതായും കുട്ടിയുടെ മാതാവ് പറഞ്ഞു. ഹൃദയത്തിൽ നിന്നും ശ്വാസകോശത്തിലേക്കുള്ള കുഴൽ സ്റ്റെന്‍റ് ഉപയോഗിച്ച് വികസിപ്പിക്കുകയാണ് ശസ്ത്രക്രിയയിൽ ചെയ്ത്. ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിൽ ഈ ചികിത്സ വലിയ വെല്ലുവിളി ആയിരുന്നെന്നും ഇനി ആറ് മാസങ്ങൾക്ക് ശേഷം രണ്ടാം ഘട്ട ശസ്ത്രക്രിയ നടത്തുമെന്നും ചികിത്സക്ക് നേതൃത്വം നൽകിയ ഡോ. എഡ്വിൻ ഫ്രാൻസിസ് പറഞ്ഞു.