കൊച്ചി: നിർമ്മാണ ക്രമക്കേടിനെ തുടർന്ന് ബലക്ഷയം സംഭവിച്ച പാലാരിവട്ടം മേൽപ്പാലം ഡിഎംആർസി ഉപദേഷ്ടാവ് ഇ ശ്രീധരന്‍റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. പാലത്തിന്‍റെ നിലനിൽപ്പ് സംബന്ധിച്ച് ആശങ്ക ഉയർന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിന്‍റെ അഭ്യർത്ഥന പ്രകാരം ഇ ശ്രീധരൻ പരിശോധനക്കെത്തിയത്. ഇ ശ്രീധരൻ നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാവും പാലം പൊളിച്ചു മാറ്റണം എന്നതടക്കമുള്ള കാര്യങ്ങളിൽ സർക്കാർ തീരുമാനമെടുക്കുക.
പാലാരിവട്ടം മേല്‍പ്പാലം: ഇ ശ്രീധരന്‍റെ നേതൃത്വത്തില്‍ പരിശോധന നടത്തി
സർക്കാരുമായി ആലോചിച്ച് കോൺക്രീറ്റ് സ്പെഷ്യലിസ്റ്റിനെ കൊണ്ട് പാലം പരിശോധിപ്പിച്ചതിന് ശേഷമായിരിക്കും ഇ ശ്രീധരന്‍ റിപ്പോർട്ട് സമർപ്പിക്കുക.
രാവിലെ 8 മണിക്ക് ആരംഭിച്ച പരിശോധന രണ്ട് മണിക്കൂറോളം നീണ്ടുനിന്നു. എക്സ്പാൻഷൻ ജോയിന്‍റുകളിലെ തകരാർ അടക്കം സംഘം വിശദമായി പരിശോധന നടത്തി. ഡി എം ആർ സി യിൽ സഹപ്രവർത്തകനായിരുന്ന കാൺപൂർ ഐഐടി വിദഗ്ധൻ ഡോക്ടർ മഹേഷ് ടണ്ടനെ പരിശോധനയ്ക്കായി ഇ ശ്രീധരൻ വിളിച്ചുവരുത്തിയിരുന്നു. നിർമ്മാണത്തിൽ ഗുരുതര ക്രമക്കേട് ഉണ്ടെന്ന് കണ്ടെത്തിയ ചെന്നൈ ഐഐടിയിൽ നിന്നുള്ള വിദഗ്ധ സംഘം പരിശോധനയിൽ പങ്കെടുത്തു. പരിശോധനയുടെ വിശദാംശങ്ങളെപറ്റി പ്രതികരിക്കാൻ ഇ ശ്രീധരൻ തയ്യാറായില്ല.
അറ്റകുറ്റപ്പണിയിലൂടെ പാലത്തിന്‍റെ ബലക്ഷയം പരിഹരിക്കാനുള്ള സാധ്യതകളടക്കം സംഘം വിലയിരുത്തും. അറ്റകുറ്റപണികൾ പൂർത്തിയാക്കി പാലാരിവട്ടം മേൽപ്പാലം ഗതാഗതത്തിന് തുറന്നു കൊടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ഇ ശ്രീധരന്‍റെ ഉപദേശം തേടിയത്. സർക്കാരുമായി ആലോചിച്ച് കോൺക്രീറ്റ് സ്പെഷ്യലിസ്റ്റിനെ കൊണ്ട് പാലം പരിശോധിപ്പിക്കുന്നത് അടക്കമുളള തുടർനടപടികൾക്ക് ശേഷമായിരിക്കും റിപ്പോർട്ട് സമർപ്പിക്കുക. അതേസമയം പാലത്തിന്‍റെ നിർമ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണവും പുരോഗമിക്കുകയാണ്.