കൊച്ചി:സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ അപകീർത്തിപ്പെടുത്താൻ, വ്യാജരേഖ ചമച്ചുവെന്ന കേസിൽ പ്രതിചേർക്കപ്പെട്ട ഫാദർ പോൾ തേലക്കാട്ട്, ഫാദർ ടോണി കല്ലൂക്കാരൻ എന്നിവരുടെ അറസ്റ്റ് എറണാകുളം ജില്ലാ സെഷൻസ് കോടതി തടഞ്ഞു. വൈദികർ വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാക്കണമെന്നും ജൂൺ അഞ്ചിനകം അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. അതേസമയം മുൻകൂർ ജാമ്യം അനുവദിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
സിറോ മലബാർ സഭ വ്യാജരേഖ കേസ്; വൈദികരുടെ അറസ്റ്റ് തടഞ്ഞു - alanchery
മുൻകൂർ ജാമ്യം അനുവദിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല
കർശന ഉപാധികളോടെയാണ് വൈദികരെ ചോദ്യം ചെയ്യാൻ ജില്ലാ സെഷൻസ് കോടതി അനുമതി നൽകിയത്. പകൽ 10 മണി മുതൽ നാല് മണി വരെ മാത്രമെ ചോദ്യം ചെയ്യാൻ പാടുള്ളൂ. വൈദികർ ആവശ്യപ്പെട്ടാൽ ഇടവേള നൽകണം അഭിഭാഷകരുടെ സഹായവും ചോദ്യചെയ്യൽ വേളയിൽ തേടാവുന്നതാണ്. രണ്ട് അഭിഭാഷകരെ ചോദ്യം ചെയ്യൽ കേന്ദ്രത്തിൽ അനുവദിക്കണം. വൈദികരെ ഉപദ്രവിക്കാനോ പീഢിപ്പിക്കാനോ പാടില്ല. ഏഴ് ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണം എന്ന നിർദ്ദേശവും കോടതി നൽകി. സഭയ്ക്ക് മാനഹാനി ഉണ്ടാകാൻ സാധ്യതയുള്ള രേഖ ശ്രദ്ധയിൽപ്പെട്ടപ്പോൾ അത് ബന്ധപ്പെട്ടവരെ അറിയിക്കുക മാത്രമാണ് ചെയ്തതെന്ന്, ഫാദർ പോൾ തേലക്കാട്ടിന്‍റെ അഭിഭാഷകൻ ചൂണ്ടിക്കാണിച്ചു. കേസിൽ വൈദികർക്ക് ആശ്വാസം നൽകിയ കോടതി വിധി പൊലീസിന് അന്വേഷണം പൂർത്തിയാക്കാനുള്ള അവസരമാണ് നൽകിയിട്ടുള്ളത്. വ്യാജരേഖ കേസിൽ ഒന്നാംപ്രതിയാണ് ഫാദർ പോൾ തേലക്കാട്ട്. മാർ ജേക്കബ് മനത്തോടത്ത് രണ്ടാമത്തെയും ആദിത്യൻ മൂന്നാം പ്രതിയുമാണ്. വൈദികരുടെ ചോദ്യം ചെയ്യൽ കഴിഞ്ഞാൽ കോടതിയിൽ റിപ്പോർട്ട് നൽകണം തുടർനടപടികൾ പിന്നീട് ആലോചിക്കുമെന്നും കോടതി അറിയിച്ചു. ചോദ്യം ചെയ്യൽ പൂർത്തിയായാൽ മുൻകൂർ ജാമ്യാപേക്ഷയുമായി വൈദികർക്ക് കോടതിയെ സമീപിക്കാമെന്നും എറണാകുളം ജില്ലാ സെഷൻസ് കോടതി വ്യക്തമാക്കി. കേസ് ജൂൺ ഏഴിന് വീണ്ടും പരിഗണിക്കും