മെഡിസിൻ പഠനം; സീറ്റ് വാഗ്ദാനം നൽകി പണം തട്ടിയവർ അറസ്റ്റിൽ - മെഡിസിൻ
സിപിഎം പ്രവർത്തകനടക്കം രണ്ടുപേർ 55 ലക്ഷം രൂപയാണ് തട്ടിയെടുത്തത്
കൊച്ചി: മെഡിസിൻ പഠനത്തിന് സീറ്റ് വാഗ്ദാനം നൽകി പണം തട്ടിയെടുത്ത സിപിഎം പ്രവർത്തകനടക്കം രണ്ടുപേർ അറസ്റ്റിൽ. സീറ്റ് വാഗ്ദാനം ചെയ്ത് 55 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. കണ്ണൂർ സ്വദേശിയും ബാംഗ്ലൂർ എംപിജി കോർപ്പറേഷൻ എംഡിയുമായ പ്രഫുൽ ഗംഗാധരൻ, ചോറ്റാനിക്കരയിലെ ബേക്കറി ഉടമ അഷ്ടപദിയിൽ മനോജ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ചോറ്റാനിക്കര സ്വദേശിനിയായ യുവതിയുടെ മകൾക്ക് കോലഞ്ചേരി മെഡിക്കൽ കോളേജിൽ അഡ്മിഷൻ വാഗ്ദാനം നൽകിയാണ് പ്രഫുൽ പണം തട്ടിയത്. യുവതിക്ക് പ്രഫുലിനെ പരിചയപ്പെടുത്തുന്നത് മനോജാണ്. പ്രഫുൽ മനോജിന് കമ്മീഷൻ വാഗ്ദാനം നൽകിയതായി പൊലീസ് പറഞ്ഞു.
എരുവേലി സഹകരണ ബാങ്കിൽ നിന്നും 2018 ജൂണിൽ ലോണെടുത്ത് തുക നൽകിയിട്ടും അഡ്മിഷൻ ലഭിക്കാതെ വന്നതോടെ മൂവാറ്റുപുഴ ഡിവൈഎസ്പിക്ക് യുവതി പരാതി നൽകുകയായിരുന്നു. തുടർന്ന് ചോറ്റാനിക്കര പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികൾ ഇപ്പോൾ റിമാൻഡിലാണ്.