എറണാകുളം:പൊലീസിനെ ആക്രമിച്ച് ഇതര സംസ്ഥാന തൊഴിലാളികൾ. കൊച്ചി കിഴക്കമ്പലത്താണ് സംഭവം. കുന്നത്തുനാട് സി.ഐ ഷാജൻ ഉൾപ്പടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇവരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കിഴക്കമ്പലത്ത് പൊലീസിനെ ആക്രമിച്ച് ഇതര സംസ്ഥാന തൊഴിലാളികൾ. ഞായറാഴ്ച രാത്രി 12 മണിയ്‌ക്കാണ് സംഭവം. കിറ്റക്‌സ് കമ്പനിയിലെ തൊഴിലാളികളാണ് സംഭവത്തിന് പിന്നില്‍. ആക്രമണം നടത്തിയ 150 ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആക്രമികൾ രണ്ട് പൊലീസ് വാഹനം കത്തിച്ചു. കമ്പനിയില്‍ ഇതര സംസ്ഥാന തൊഴിലാളികൾ സംഘർഷാവസ്ഥ സൃഷ്‌ടിച്ചത് നിയന്ത്രിക്കാൻ എത്തിയപ്പോഴാണ് ആക്രമണം.
ALSO READ: Alappuzha murder : രാത്രി വീടുകളില്‍ പരിശോധന, കുട്ടികളെ ചോദ്യം ചെയ്യുന്നു ; പൊലീസിനെതിരെ ആരോപണം
300 ല്‍ അധികം തൊഴിലാളികളാണ് പൊലീസിനെ ആക്രമിച്ചത്. സംഘർഷം നടന്ന കിഴക്കമ്പലത്ത് വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തി. ക്രിസ്‌മസ് ആഘോഷത്തിനിടെ തൊഴിലാളികൾ മദ്യലഹരിയിൽ ഏറ്റുമുട്ടുകയായിരുന്നു.
പൊലീസിന് നേര്‍ക്ക് ആക്രമണം കടുത്തതോടെ ഉദ്യോഗസ്ഥര്‍ ഓടി രക്ഷപ്പെട്ടുവെന്ന് നാട്ടുകാർ പറയുന്നു. തുടർന്ന്, ആലുവ റൂറൽ എസ്.പി കാർത്തിക്കിന്‍റെ നേതൃത്വത്തിൽ 500 പൊലീസുകാർ സ്ഥലത്തെത്തിയാണ് പ്രതികളെ പിടികൂടിയത്.