എറണാകുളം : കിഴക്കമ്പലം പഞ്ചായത്തിലെ പ്രതിഷേധ സമരത്തിനിടെ മർദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ച ട്വന്‍റി ട്വന്‍റി പ്രവർത്തകൻ സി.കെ ദീപുവിന്‍റെ മൃതദേഹം സംസ്‌കരിച്ചു. ദീപുവിന് അന്തിമോപചാരം അർപ്പിക്കാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പടെയുള്ള പ്രമുഖർ കിഴക്കമ്പലത്തെ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ദീപുവിന്‍റെ മൃതദേഹം മൂന്നര മണിയോടെയാണ് കിഴക്കമ്പലത്ത് എത്തിച്ചത്. തുടർന്ന് ട്വന്‍റി ട്വന്‍റി നഗറിൽ പൊതുദർശനത്തിനുവച്ചു. സംഘടനയുടെ ചീഫ് കോർഡിനേറ്റർ സാബു ജേക്കബ് ഉൾപ്പടെയുള്ളവരും ജനപ്രതിനിധികളും പ്രവർത്തകരും ഇവിടെ എത്തിയാണ് അന്തിമോപചാരം അർപ്പിച്ചത്. തുടർന്നാണ് വിലാപ യാത്രയായി മൃതദേഹം വീട്ടിലെത്തിച്ചത്.
അന്ത്യകർമങ്ങൾ പൂർത്തിയാക്കി വൈകുന്നേരം ആറുമണിയോടെ കാക്കനാട് പൊതുശ്‌മശാനത്തിൽ സംസ്‌കരിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് കിഴക്കമ്പലം പ്രദേശത്ത് വൻ പൊലീസ് സന്നാഹം ഒരുക്കിയിരുന്നു.
'അധികാരത്തിലിരിക്കുന്നവരുടെ ധാർഷ്‌ട്യം കൊലപാതകത്തിൽ എത്തിച്ചു'
വളരെ ക്രൂരവും ദൗർഭാഗ്യകരവുമായ കൊലപാതകമാണ് കിഴക്കമ്പലത്ത് നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. രാഷ്ട്രീയ വിരോധത്തിൻ്റെ പുറത്ത് ഒരു പാവം ദളിത് യുവാവാണ് കൊല ചെയ്യപ്പെട്ടത്. അധികാരത്തിലിരിക്കുന്നവരുടെ ധാർഷ്ട്യവും ധിക്കാരവും രാഷ്ട്രീയ എതിരാളികളെ ഇല്ലായ്‌മ ചെയ്യണമെന്ന നിരന്തരമായ സമീപനവുമാണ് കൊലപാതകത്തിൽ എത്തിച്ചതെന്നും വി.ഡി സതീശൻ പറഞ്ഞു.