എറണാകുളം :ജോലിക്കായി അന്യദേശങ്ങളില്‍ എത്തുന്നവര്‍ ഏറ്റവുമധികം അന്വേഷിക്കുന്നത് നാട്ടിലെ ഭക്ഷണത്തിന്റെ രുചിയാണ്. പൊറോട്ടയും ബീഫും മുതല്‍ ദോശയും ചട്ണിയും വരെ അക്കൂട്ടത്തില്‍ വരും. പതിനൊന്ന് വർഷം മുമ്പ് ഐടി മേഖലയില്‍ ജോലി കിട്ടി നെതർലൻഡിലെത്തിയ മലയാളി ദമ്പതികൾ രുചി തേടിപ്പോയ കഥയും അതിലെ കാര്യവുമാണ് ഇനി പറയുന്നത്.
കഥ ഇങ്ങനെ : ഇതിലെ കഥാപാത്രങ്ങൾ തിരുവനന്തപുരം സ്വദേശി നവീനും, കോഴിക്കോട് സ്വദേശി രമ്യയും. ചായ കുടിക്കാൻ ആരെങ്കിലും ചായക്കട തുടങ്ങുമോ എന്നത് പഴയൊരു തമാശച്ചോദ്യമാണ്. പക്ഷേ അത് ഇവരുടെ കാര്യത്തില്‍ യാഥാർഥ്യമാവുകയാണ്.
നല്ല ഒന്നാന്തരം ദോശയും ഇഡ്ഡലിയും കഴിക്കാൻ നാട്ടിൽ പോകുന്നത് വരെ കാത്തിരിക്കണം. രുചി കുറഞ്ഞ പഴകിയ ഫ്രോസൺ ദോശയായിരുന്നു നെതർലൻഡില്‍ ലഭിച്ചിരുന്നത്. ഇതിന് പരിഹാരമായി സ്വന്തമായി ദോശമാവ് നിർമാണത്തെ കുറിച്ച് ആലോചിച്ച വേളയിലാണ് വിപണി സാധ്യത ഇരുവരും തിരിച്ചറിയുന്നത്.
നെതര്‍ലന്‍ഡില്‍ മലയാളികളുടെ ദോശമാവ് കമ്പനി അങ്ങനെ ഏഴ് വർഷം മുമ്പ് മദേഴ്സ് കിച്ചണ്‍ എന്ന കമ്പനി രജിസ്റ്റർ ചെയ്ത് ദോശ, ഇഡ്ഡലി മാവ് എന്നിവയുടെ ഉത്പാദനം തുടങ്ങി. ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ ഗ്രൈന്‍ഡര്‍ ഉപയോഗിച്ച് പത്ത് കിലോ വരെ മാവ് തയ്യാറാക്കി. പിന്നീട് ആധുനിക യന്ത്രങ്ങൾ വാങ്ങി പത്ത് കിലോയിൽ നിന്നും അഞ്ഞൂറ് കിലോയാക്കി ഉത്പാദനം വർധിപ്പിച്ചു. ഇവരുടെ ദോശ, ഇഡ്ഡലി മാവ് നെതർലൻഡിലെ ഭൂരിഭാഗം സൂപ്പർ മാർക്കറ്റുകളിലും ഇന്ന് ലഭ്യമാണ്.
സഹായത്തിന് ജോലിക്കാരെ വച്ചു. നവീൻ ഐടി ജോലി മതിയാക്കി മുഴുവൻ സമയ സംരംഭകനായി മാറി. ആഴ്ചയിൽ മൂന്ന് ദിവസം ഉത്പാദനവും രണ്ട് ദിവസം വിതരണവുമാണ് പരിപാടി. ഭാര്യ രമ്യ ഐടി മേഖല വിട്ടില്ല. പക്ഷേ ഒഴിവു സമയങ്ങളില്‍ ഭർത്താവിനെ സഹായിക്കും.
ഇവരുടെ ദോശമാവ് ഇപ്പോൾ ഡച്ചുകാർക്കും പ്രിയങ്കരമാണ്. തലസ്ഥാന നഗരിയായ ആംസ്റ്റർഡാമിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള അലമേറ എന്ന സിറ്റിയിലാണ് നവീനും രമ്യയും ദോശമാവ് കൊണ്ട് വിജയം ചുട്ടെടുത്തത്. അന്യനാട്ടില്‍ വിജയിപ്പിച്ചെടുത്ത സംരംഭം സ്വന്തം നാട്ടില്‍ തുടങ്ങാനും ഇരുവർക്കും ആലോചനയുണ്ട്.